കണ്ണൂർ: സിനിമയുണ്ടാക്കി അത് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ് ഞങ്ങളുടെ ലഹരിയെന്ന് സംവിധായകൻ തരുൺ മൂർത്തി. സിനിമയുടെ ക്രിയേറ്റിവിറ്റിക്കുവേണ്ടി ഒരുതരത്തിലുമുള്ള ലഹരി ഉപയോഗിക്കുന്നയാളല്ല ഞാൻ. എന്റെ കൂടെ സിനിമയിലുള്ള ആരെങ്കിലും അങ്ങനെ എന്തെങ്കിലും ഉപയോഗിക്കുന്നത് കണ്ടാൽ അടുത്തദിവസം മുതൽ അയാൾ സെറ്റിലുണ്ടാകില്ല. തരുൺ പറയുന്നു .
സിനിമയിലൂടെ ലഭിക്കുന്ന തിരിച്ചറിയലുകളും സ്നേഹവുമാണ് ലഹരി. മോഹൻലാൽ എന്ന നടനോടുള്ള സ്നേഹത്തിന്റെ പകുതിയാണ് തനിക്ക് കിട്ടുന്നത്. ആ സന്തോഷം തേടിയുള്ള യാത്രയാണ് തന്നെ സംവിധായകൻ ആക്കിയതെന്നും തരുൺ മൂർത്തി പറഞ്ഞു. കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവെലിന്റെ ഭാഗമായി 'തുടരുമോ കഥയുടെ കാലം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജോയ് ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു.
വിവിധ വിഷയങ്ങളിൽ ബിജിബാൽ, ഷിബു ചക്രവർത്തി, പി.എഫ്. മാത്യൂസ്, ബിപിൻ ചന്ദ്രൻ, എ.വി. പവിത്രൻ, ഫാസിൽ മുഹമ്മദ്, താഹിറ കല്ലുമുറിക്കൽ, എ.വി. അനൂപ്, ഷെർഗ സന്ദീപ്, ഷെഗ്‌ന, വിജയകുമാർ ബ്ലാത്തൂർ, ജോഷി ജോസഫ്, എം.എസ്. ബനേഷ്, പി. പ്രേമചന്ദ്രൻ, സന്തോഷ് കീഴാറ്റൂർ, ഷെറി, മനോജ് കാന എന്നിവർ സംസാരിച്ചു.