കണ്ണൂർ: വർഗീയ വാദികളും വിഘടന വാദികളുമെല്ലാം കേരളത്തെ കുട്ടിച്ചോറാക്കാൻ നീക്കം നടത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ പി സന്തോഷ് കുമാർ എം പി. സി പി ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ പൊതു സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ ( ടൗൺ സ്ക്വയർ ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലമ്പൂർ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിൽ കൂടുതൽ മത വർഗീയ ശക്തികൾ കരുത്താർജ്ജിച്ചിരിക്കുകയാണ്. കേരളത്തെ ജാതീയ പരമായും മതപരമായും വിഭജിക്കാനുള്ള നീക്കം നടക്കുന്നു.
ഇതിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരം ആളുകൾക്ക് കൂടുതൽ ആവേശം പകരുന്ന ശക്തിയായിരിക്കുകയാണ് യുഡിഎഫ് എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തെ മതവർഗീയശക്തികളുടെ കരുവാകാതിരിക്കാൻ എൽ ഡി എഫിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തെ പിറകോട്ട് നയിക്കാൻ ചില പ്രാകൃത ശക്തികൾ നിലമ്പൂരിലെ വിജയം കൂടുതൽ ആവേശത്തോടെ ആഘോഷിക്കുന്ന സ്ഥിതി ഉണ്ടായി. കേരളത്തിൻ്റെ സാമൂഹ്യഘടനയെ താളം തെറ്റിക്കുന്ന അഭിമാനകരമായ വൈവിധ്യം ഇല്ലാതാക്കാനുള്ള ശക്തികൾ ഇതോടെ ഇന്ന് സജീവമായിരിക്കുന്നു. ആ ശക്തികൾ ഹിന്ദുക്കൾക്കിടയിലും മുസ്ലീമുകൾക്കിടയിലും ഉണ്ട്. കൂടുതൽ സമ്പന്നമായ പൈതൃകവും പാരമ്പര്യവുമുള്ളതാണ് നമ്മുടെ സംസ്ഥാനം. പക്ഷെ പുതിയ കേരളത്തെ ജാതീയ പരമായും മതപരമായും ഉപയോഗിക്കുന്നതിനുള്ള നീക്കം നടക്കുന്നു.ഈ സാഹചര്യത്തിൽ മെച്ചപ്പെട്ട എൽ ഡി എഫാണ് നമ്മുക്ക് മുന്നിലെ ഒരേയൊരു പോം വഴി.
എൽ ഡി എഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരണം. ഇന്ത്യയിൽ അവശേഷിക്കുന്ന കേരളത്തിലെ ഇടതു സർക്കാരിന് പരിമിതികളുണ്ടാവാം. തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തിയും ആവശ്യമായ പരിശോധനകൾ നടത്തിയും മുന്നോട്ട് പോകണം. യു ഡി എഫിൻ്റെ കാലത്ത് കൊള്ളരുതായ്മകളുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ അതുകൊണ്ട് എൽ ഡി എഫിൻ്റെ കാലത്ത് സംഭവിച്ച വീഴ്ചയെ ന്യായീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം കോട്ടയത്തെ മെഡിക്കൽ കോളേജ് കെട്ടിടം വീണ് സ്ത്രീ മരണപ്പെട്ട സംഭവം ഏറെ നിർഭാഗ്യകരമാണ്. മെഡിക്കൽ കോളജധികൃതർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതായിരുന്നു. പക്ഷെ ആ സാഹചര്യം ഉപയോഗിച്ചു കൊണ്ട് എൽ ഡി എഫിനെ പരാജയപ്പെടുത്താനും രാഷ്ട്രീയ ആയുധമാക്കാനുമുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും പി സന്തോഷ് കുമാർ എം പി പറഞ്ഞു.
സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, അഡ്വ. പി വസന്തം, സംസ്ഥാന എക്സിക്യുട്ടീവംഗം സി പി മുരളി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി എൻ ചന്ദ്രൻ, സി പി ഷൈജൻ , ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരായ എ പ്രദീപൻ, കെ ടി ജോസ്, ജില്ലാ എക്സിക്യുട്ടീവംഗങ്ങളായ താവം ബാലകൃഷ്ണൻ, പി കെ മധുസൂദനൻ, കെ വി ബാബു, വി കെ സുരേഷ് ബാബു, വി ഷാജി, സി വിജയൻ, അഡ്വ. പി അജയ കുമാർ, മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു. ജില്ലാ എക്സിക്യുട്ടീവംഗങ്ങളായ വെള്ളോറ രാജൻ സ്വാഗതവും എൻ ഉഷ നന്ദിയും പറഞ്ഞു.
പൊതു സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ ( ടൗൺ സ്ക്വയർ ) പാർട്ടിയുടെ മുതിർന്ന നേതാവ് എം ഗംഗാധരൻ പതാക ഉയർത്തിയതോടെ പോരാട്ടവീര്യം തുളുമ്പുന്ന കണ്ണൂരിന്റെ മണ്ണിൽ സിപി ഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി പി ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് പ്രഢോജ്ജ്വല തുടക്കമായി.
സമ്മേളന നഗരിയിലുയർത്താനുള്ള പതാക പാറപ്രത്ത് നിന്നും കൊടിമരം കാവുമ്പായിൽ നിന്നും എത്തി.കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട പാറപ്രത്ത് നിന്നും ആരംഭിച്ച പതാകജാഥ പാർട്ടിയുടെ മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ പാറപ്രത്ത് ഉദ്ഘാടനം ചെയ്തു. കൊടിമര ജാഥ കാവുമ്പായി കർഷക സമര പോരാട്ട ഭൂമിയായ സമരകുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെട്ടു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം താവം ബാലകൃഷ്ണൻ കൊടിമരജാഥ ഉദ്ഘാടനം ചെയ്തു.പൊതു സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ(ടൗൺ സ്ക്വയർ) വെച്ച് പതാക സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപനും കൊടിമരം സി പി ഐ ജില്ലാ എക്സിക്യൂട്ടീവംഗം വേലിക്കാത്ത് രാഘവനും ഏറ്റുവാങ്ങി.