
കാനഡയുമായി ഉഭയകക്ഷി വ്യാപാര കരാറില്‍ നടന്നുവന്നിരുന്ന എല്ലാ ചര്‍ച്ചകളും നിര്‍ത്തിവച്ചതായി ട്രംപ്. മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന് താരിഫിനെ വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ കാനഡ തങ്ങളുടെ ക്യാമ്പയിനില്‍ ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ചാണ് നടപടി.
റൊണാള്‍ഡ് റീഗന് താരിഫിനെതിരെ സംസാരിക്കുന്ന തരത്തില്‍ കാനഡ കുടിലതയോടെ ഒരു പരസ്യം നല്കി. അതു വ്യാജമാണെന്ന് റൊണാള്‍ഡ് റീഗന് ഫൗണ്ടേഷന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
യുഎസ് സുപ്രീം കോടതിയേയും മറ്റ് കോടതികളേയും സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതു ചെയ്തത് .ദേശ സുരക്ഷക്കും യുഎസിന്റെ സമ്പദ് വ്യവസ്ഥയ്ക്കും താരിഫ് നിര്‍ണായകമാണ്. പ്രകോപനപരമായ നടപടികള്‍ കണക്കിലെടുത്ത് കാനഡയുമായി നടത്തിവന്നിരുന്ന എല്ലാ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുന്നു, ട്രംപ് കൂട്ടിച്ചേര്‍ത്തു.
കാനഡ പുറത്തിറക്കിയ പരസ്യത്തെ ചൊല്ലിയാണ് വിവാദം. സെമി കണ്ടക്ടറുകളെ കുറിച്ചുള്ള വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് ജാപ്പനീസ് ഇലക്ട്രോണിക്സിന് നൂറു ശതമാനം തീരുവ ചുമത്തുന്നതിനെ ന്യായീകരിക്കാന്‍ റീഗന് 1987 ല്‍ നടത്തിയ റേഡിയോ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം. താരിഫ് അമേരിക്കന്‍ വിപണിയില്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തെ കുറിച്ചും പ്രഭാഷണത്തില്‍ റീഗന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഉയര്‍ന്ന താരിഫ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തിരിച്ചടികളിലേക്ക് നയിക്കും. അത് വ്യാപാരയയുദ്ധങ്ങളിലേക്ക് വഴിവെക്കും. അതിന് പിന്നാലെ വിപണികള്‍ ചുരുങ്ങുകയും തകരുകയും ചെയ്യും. വ്യാപാരങ്ങളും വ്യവസായങ്ങളും അടച്ചുപൂട്ടുകയും ദശലക്ഷക്കക്കിന് ആളുകള്‍ തൊഴില്‍രഹിതരാവുകയും ചെയ്യും, റീഗന് പറഞ്ഞു. ന്യൂസ്മാക്സിലും ബ്ലൂബെര്ഗിലുമാണ് പരസ്യം സംപ്രേക്ഷണം ചെയ്തത്.
താന്‍ റൊണാള്‍ഡ് റീഗന്റെ വലിയ ആരാധകനാണെന്നായിരുന്നു പരസ്യം പ്രഖ്യാപിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ പ്രതികരണം. തങ്ങള്‍ 5 ദശലക്ഷം ഡോളര്‍ ചിലവഴിച്ചാണ് പരസ്യം പുറത്തിറക്കുന്നതെന്നും ഇതു റിപ്പബ്ലിക്കന്‍ വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങളിലൊക്കെ ആവര്‍ത്തിച്ച് പ്രചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ കാനഡയില്‍ നിന്നുള്ള കയറ്റുമതിക്ക് 5 ശതമാനവും ഊര്‍ജ്ജ ഉല്‍പ്പന്ന കയറ്റുമതിക്ക് പത്തുശതമാനവും യുഎസ് തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡയും താരിഫ് ഏര്‍പ്പെടുത്തി തിരിച്ചടിച്ചു.
ഒക്ടോബര്‍ ആദ്യവാരം കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ യുഎസ് സന്ദര്‍ശനത്തോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.