ഗാസയിലെ അഭയാർത്ഥികളെ വെടിവെച്ച് അമേരിക്കൻ ഗാർഡുകൾ

03:05 PM Jul 05, 2025 |


ഭക്ഷണവും സഹായവും തേടിയെത്തുന്ന പലസ്തീൻ അഭയാർത്ഥികൾക്ക് നേരെ അമേരിക്ക ആസ്ഥാനമായുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സഹായ ഏജൻസിയിൽ ജോലി ചെയ്യുന്ന ഗാർഡുകൾ വെടിയുതിർത്തതായി റിപ്പോർട്ട്. പ്രായമായ ആളുകൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് നേരെ സ്റ്റൺ ഗ്രനേഡുകളും മെഷീൻ ഗണ്ണും ഉപയോഗിച്ചായിരുന്നു ആക്രമണം. ഭക്ഷണത്തിനായി എത്തുന്ന ജനങ്ങൾ നിരായുധരായിരുന്നുവെന്നും, അവർ ആരെയും ആക്രമിച്ചിട്ടില്ലെന്നും സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷി പറയുന്നു. ചില ഗാർഡുകൾ അഭയാർത്ഥികളെ ‘ സോംബി കൂട്ടങ്ങൾ ‘ എന്നാണ് വിശേഷിപ്പിച്ചതെന്ന് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിലെ മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.

എന്നാൽ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോർട്ടുകൾ അമേരിക്കൻ ഗാർഡുകളും ഇസ്രയേൽ സൈനികരും ശക്തമായി നിഷേധിച്ചു. കൂടാതെ അവരുടെ സഹായ വിതരണ കേന്ദ്രങ്ങളിൽ ഒരു സാധാരണക്കാരനും നേരെ വെടിയുതിർത്തിട്ടില്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തി. എന്നാൽ ദൃക്‌സാക്ഷികളുടെ പ്രതികരണങ്ങളും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുകയും ചെയ്തതിൽ നിന്ന് സഹായം സ്വീകരിക്കാനായി എത്തുന്ന നിരായുധരായ പലസ്തീൻ സിവിലിയന്മാർക്ക് നേരെ വെടിയുണ്ടകൾ, സ്റ്റൺ ഗ്രനേഡുകൾ എന്നിവ ഇസ്രയേൽ സൈന്യവും അമേരിക്കൻ ഗാർഡുകളും പ്രയോഗിച്ചതായി കണ്ടെത്തി. ഇതോടെ തങ്ങൾ നിരായുധരായ ജനങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്ന ഇസ്രയേൽ സൈന്യത്തിന്റെ ആവർത്തിച്ചുള്ള നിലപാട് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയിരിക്കുകയാണ്. പ്രധാന മാനുഷിക മാനദണ്ഡങ്ങളും തത്വങ്ങളും ജിഎച്ച്എഫ് പാലിക്കുന്നില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ സ്ഥാപിച്ച 400 സഹായ കേന്ദ്രങ്ങൾ അടച്ചുപൂട്ടി, പകരം നാല് ‘സൈനിക നിയന്ത്രിത’ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.