കൊല്ലം : ചൈനയിലെ ഷാങ് ഹായിൽ വച്ചു നടന്ന ഈ വർഷത്തെ റോബോക്കോൺ ഇൻ്റർനാഷണൽ ഡിസൈൻ കോണ്ടസ്റ്റിൽ അമൃത വിശ്വവിദ്യാപീഠത്തിന് പുരസ്കാരം. ചൈന, ഈജിപ്ത്, ഇന്ത്യ, മെക്സിക്കോ, ജപ്പാൻ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നിങ്ങനെ ഏഴു രാജ്യങ്ങളിൽ നിന്നായി പത്തോളം ടീമുകൾ മാറ്റുരച്ച റോബോക്കോൺ 2025 ലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠത്തിൽ നിന്നുള്ള ഹട്ട് ലാബ്‌സിന്റെ (ഹ്യുമാനിറ്റേറിയൻ ടെക്‌നോളജി ലാബ്‌സ്) വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വച്ചത്.
ചൈനയിലെ പ്രമുഖ സർവകലാശാലകളിലൊന്നായ ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റിയുടെ മിൻഹാങ് ക്യാമ്പസിൽ നടന്ന മത്സരത്തിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് (ഇ സി ഇ) വിഭാഗം വിദ്യാർത്ഥികളായ അലൻ സോജി വർഗീസ് രണ്ടാം സ്ഥാനവും, അദ്വൈത് കൃഷ്ണ പരക്കുനത്ത് മൂന്നാം സ്ഥാനവും ബെസ്റ്റ് ഡിസൈൻ അവാർഡും നേടി. ഫൈനൽ റൗണ്ടിൽ എത്തിയ സൗരവ് പ്രഭാകരൻ, നിവേദ് സജീവ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. 2018-ൽ ജപ്പാനിലെ ടോക്കിയോ ടെക്, 2019-ൽ എം ഐ ടി - അമേരിക്ക, 2023-ൽ തായ്‌ലൻഡ്, 2024-ൽ അമൃതപുരി ക്യാമ്പസ് എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിലും 2021, 2022 വർഷങ്ങളിൽ ഓൺലൈൻ മത്സരങ്ങളിലും തുടർച്ചയായി ഹട്ട് ലാബ്‌സ് ടീമുകൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഐ ഡി സി റോബോകോൺ മത്സരത്തിൽ പങ്കെടുക്കാൻ ലോകത്തിലെ 15 രാജ്യങ്ങളിലെ മുൻനിര സർവകലാശാലകൾക്ക് മാത്രമാണ് ക്ഷണം ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഈ പ്രാവശ്യം പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹട്ട് ലാബ്‌സും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗവും മാത്രമാണ്. കഴിഞ്ഞ വർഷം അമൃതപുരി ക്യാമ്പസിൽ ഐ ഇ ഇ ഇ സ്റ്റുഡന്റ് ബ്രാഞ്ചിന്റെ സഹകരണത്തോടെ ഐ ഡി സി റോബോകോൺ സംഘടിപ്പിച്ചിരുന്നു.
 
  
  
 