അയല്‍വീട്ടില്‍ പോയതിന്റെ ദേഷ്യം; കുട്ടിയെ ശ്വാസംമുട്ടിച്ചുകൊന്ന് പിതാവ്; മൃതദേഹം കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു

06:38 AM Mar 07, 2025 | Suchithra Sivadas

ഉത്തര്‍പ്രദേശിലെ സിതാപുരില്‍ അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ പിതാവ് അറസ്റ്റില്‍. അഞ്ച് വയസുകാരിയായ മകള്‍ താനിയെയാണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്. മോഹിതുമായി തര്‍ക്കം നിലനില്‍ക്കുന്ന അയല്‍വാസിയുടെ വീട്ടില്‍ കുഞ്ഞ് പോയതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയെതെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 25ന് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി കുടുംബം പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുട്ടിയെ കണ്ടെത്താനായി നാല് ടീമായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിരച്ചിലിനിടെ രണ്ട് ഘട്ടങ്ങളിലായി കുട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇതോടെ കുട്ടിയെ കാലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു. സംഭവത്തിന് പിന്നാലെ മോഹിത് ഒളിവില്‍ പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തുകയും പ്രതി മോഹിത് കുറ്റം സമ്മതിക്കുകയുമായിരുന്നു.


മോഹിത്തും അയല്‍വാസിയായ രാമുവിന്റെ കുടുംബവും മുമ്പ് അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അവര്‍ പലപ്പോഴും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇരു കുടുംബങ്ങളും തമ്മില്‍ വഴക്കുണ്ടാവുകയും ഇതേ തുടര്‍ന്ന് ബന്ധം വഷളാവുകയും ചെയ്തു. ഇതോടെ രണ്ട് കുടുംബവും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കാതായി. എന്നാല്‍ മോഹിത്തിന്റെ മകള്‍ തുടര്‍ച്ചയായി അയല്‍വാസിയുടെ വീട്ടിലേക്ക് കളിക്കാന്‍ പോയിരുന്നു. പിതാവ് തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും കുട്ടി പോകുന്നത് തുടര്‍ന്നു.

സംഭവ ദിവസം അയല്‍വാസിയുടെ വീട്ടില്‍ നിന്ന് വരികയായിരുന്ന കുട്ടിയെ ഇയാള്‍ ബൈക്കിള്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഇയാള്‍ കടുക് പാടത്ത് വലിച്ചെറിയുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി നൂറ് പേരെയാണ് ചോദ്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.