ഭര്‍ത്താവിന്റെ മൊബൈലില്‍ നിന്ന് മറ്റൊരു യുവതിയുടെ കോള്‍ ; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

01:37 PM Aug 29, 2025 | Suchithra Sivadas

ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ നിന്നെത്തിയ അജ്ഞാത കോള്‍ യുവതിയുടെ ജീവനെടുത്തു. യുപിയിലെ ജലല്‍പുറിലാണ് സംഭവം. റീത്തയെന്ന 25കാരിയാണ് ഫോണ്‍ കോളെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ചയാണ് റീത്തയ്ക്ക് ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍നിന്ന് വിളിവന്നത്. റീത്തയുടെ ഭര്‍ത്താവ് ശൈലേന്ദ്രയുടെ രണ്ടാമത്തെ ഭാര്യയെന്നാണ് ഫോണിന്റെ മറുതലയ്ക്കുണ്ടായിരുന്ന സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്.

ഫോണ്‍ വച്ചതിന് പിന്നാലെ റീത്ത ആകെ അസ്വസ്ഥയായെന്ന് അമ്മ പറയുന്നു. ഫോണ്‍ വന്നപ്പോള്‍ ഡല്‍ഹിയില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്ന റീത്ത ഉടനടി യുപിയിലെ ഹര്‍ദോയിലെ വീട്ടിലേക്ക് തിരിച്ചു. അമ്മയുടെ മുടിയില്‍ തലവച്ചു കിടന്ന് കരഞ്ഞുകൊണ്ടിരിക്കേ പെട്ടെന്ന് റീത്ത കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടര വര്‍ഷം മുമ്പാണ് സിതാപുര്‍ സ്വദേശിയായ ശൈലേന്ദ്രയെ റീത്ത വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ റീത്തയ്ക്ക് ക്ഷയ രോഗം പിടിപെട്ടു. ഇതോടെ സ്വന്തം വീട്ടിലേക്ക് ചികിത്സയ്ക്കായി മടങ്ങി.ഇത് ഭേദമായി തിരികെ ഭര്‍തൃവീട്ടിലെത്തിയതോടെ പിതാവ് മരിച്ചു. തുടര്‍ന്ന് വീണ്ടും വീട്ടിലേക്ക് പോയി. ഇക്കാലത്തിനിടയില്‍ ഭര്‍ത്താവായ ശൈലേന്ദ്രയുമായി അസ്വാരസ്യങ്ങളുടലെടുത്തു. ഇതോടെയാണ് ഡല്‍ഹിയിലുള്ള സഹോദരനും അമ്മയ്ക്കുമൊപ്പം റീത്ത താമസം തുടങ്ങിയത്. അസ്വാഭാവിക മരണമായതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും റീത്തയുടെ ഫോണിലേക്ക് വിളിച്ചതാരെന്നതടക്കം കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Trending :