സ്വർണവും പണവും നിക്ഷേപമായി വാങ്ങി ഒന്നരക്കോടിയുടെ തട്ടിപ്പ് ; ദമ്പതികൾ അറസ്റ്റിൽ

04:25 PM Oct 22, 2025 | Neha Nair

മംഗളൂരു: ലാഭവിഹിതം നൽകാമെന്നണ് പറഞ്ഞ് കിന്നിഗോളിയിലും സമീപ പ്രദേശങ്ങളിലും നിരവധി പേരെ വഞ്ചിച്ച ദമ്പതികളെ മുൾക്കി പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കിന്നിഗോളി കവട്ടരു ഗ്രാമത്തിൽ താമസിക്കുന്ന റിച്ചാർഡ് ഡിസൂസ (52), ഭാര്യ രശ്മി റീത്ത പിന്റോ (47) എന്നിവരാണ് അറസ്റ്റിലായത്. ഒന്നരക്കോടി രൂപ പണമായും സ്വർണമായും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചു എന്നാണ് കേസ്.

നിക്ഷേപത്തിന് ഉയർന്ന വരുമാനം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഫണ്ട് ശേഖരിച്ച ശേഷം പണം തിരികെ നൽകാനോ വാഗ്ദാനം ചെയ്തതുപോലെ ലാഭം വിഹിതം നൽകാനോ ഇവർ തയാറായില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ വഞ്ചന), 420 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരം മുൾക്കി പൊലീസ് സ്റ്റേഷനിൽ ദമ്പതികൾക്കെതിരെ നേരത്തെ രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

അറസ്റ്റ് ഒഴിവാക്കാൻ ദമ്പതികൾ മുംബൈയിൽ ഒളിവിൽ പോയി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൽക്കി പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.