
2026 ല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 9 ശതമാനം വര്‍ദ്ധിപ്പിച്ച് 295000 ആയി ഉയര്‍ത്താന്‍ ഓസ്‌ട്രേലിയ. രാജ്യം പ്രധാനമായും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അമേരിക്ക വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വീസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയുടെ നീക്കം.
നിലവില്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ഓസ്‌ട്രേലിയയിലെത്തുന്നത്. ഇന്ത്യയ്ക്കിത് ഗുണകരമാകും. വിദ്യാര്‍ത്ഥികള്‍, സര്‍വകലാശാലകള്‍, രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്ന രീതിയില്‍ രാജ്യാന്തര വിദ്യാഭ്യാസം വളരുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ പറഞ്ഞു.
രാജ്യാന്തര വിദ്യാഭ്യാസ മേഖല ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭാവന നല്‍കുന്നുണ്ട്. 2024 ല്‍ ഇത് 51 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന് മുകളില്‍ വരുമാനം നേടിയതായാണ് റിപ്പോര്‍ട്ട്.