ന്യൂഡൽഹി : ഡൽഹിയിലെ ജനങ്ങൾക്കും ഇനി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (AB-PMJAY) സൗജന്യ ചികിത്സ ലഭ്യമാകും. ബിജെപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതോടെ രാജ്യത്ത് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്ന 35-ാമത്തെ സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമായി ഡൽഹി മാറി. ഇനി പശ്ചിമ ബംഗാൾ മാത്രമാണ് ഈ പദ്ധതി നടപ്പാക്കാത്ത ഏക സംസ്ഥാനം.
ആയുഷ്മാൻ ഭാരത് പദ്ധതി 27 വിഭാഗങ്ങളിലായി 1,961 ഓളം രോഗങ്ങൾക്കും ചികിത്സാരീതികൾക്കും സൗജന്യവും പണരഹിതവുമായ പരിരക്ഷ നൽകുന്നു. മരുന്നുകൾ, രോഗനിർണയ സേവനങ്ങൾ, ആശുപത്രിവാസം, ഐസിയു പരിചരണം, ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സാ ചെലവുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.