അസുഖംവരാൻ കാരണം ദുർമന്ത്രവാദമാണെന്നാരോപണം ; ബിഹാറിൽ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു

12:35 PM Jul 08, 2025 | Neha Nair

പട്‌ന: അസുഖംവരാൻ കാരണം ദുർമന്ത്രവാദമാണെന്നാരോപിച്ച് ബിഹാറിലെ പുർണിയയിൽ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. തെത്ഗാമ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ബാബുലോൺ ഒറോണും കുടുംബവും ദുർമന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിനു കാരണം ഇതാണെന്നും ആരോപിച്ച് നാട്ടുകാരാണ് ഇവരെ മർദിച്ചശേഷം തീകൊളുത്തി കൊന്നത്.

കുടുംബത്തിലെ ഒരുകുട്ടി ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞനിലയിൽ സമീപത്തെ കുളത്തിൽനിന്ന് കണ്ടെടുത്തു. ഗ്രാമം പൊലീസ് വലയത്തിലാണ്.

പ്രദേശവാസിയായ രാംദേവ് ഒറോണിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൂട്ടക്കൊല അരങ്ങേറിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. മൂന്നുദിവസം മുമ്പാണ് പരമ്പരാഗത ചികിത്സകനായ രാംദേവിന്റെ മകൻ മരിച്ചത്. ഇയാളുടെ മറ്റൊരു കുട്ടിയും ചികിത്സയിലാണ്. കുട്ടികൾക്ക് അസുഖംവരാൻ കാരണം ബാബുലോൺ ഒറോണും കുടുംബവും മന്ത്രവാദം നടത്തിയതാണെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ കൂട്ടക്കൊല ചർച്ചയായി. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെയും സർക്കാറിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.