+

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്ററില്‍ സവര്‍ക്കര്‍ വീരാരാധന, ഗാന്ധിജിക്കും മുകളില്‍, ഗാന്ധിവധത്തില്‍ പ്രതിയായിരുന്ന വ്യക്തി

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററില്‍ സവര്‍ക്കറുടെ ചിത്രവും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കും മുകളിലായാണ് സവര്‍ക്കറുടെ ചിത്രം.

കൊച്ചി: സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററില്‍ സവര്‍ക്കറുടെ ചിത്രവും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കും മുകളിലായാണ് സവര്‍ക്കറുടെ ചിത്രം. ഗാന്ധിജിയുടെ വധത്തില്‍ സവര്‍ക്കര്‍ ഒരു പ്രതിയായിരുന്നുവെന്നും, തെളിവുകളുടെ അഭാവത്തിലാണ് കുറ്റവിമുക്തനായതെന്നും ഇക്കാര്യം പങ്കുവെച്ച ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബ്രിട്ടീഷ് വിധേയത്വത്തിന്റെയും പ്രതീകമായ വി.ഡി. സവര്‍ക്കര്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് മുകളില്‍ ! കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക പോസ്റ്ററിലാണ് ഈ സവര്‍ക്കര്‍ വീരാരാധന. ഇത് യാദൃശ്ചികമല്ല, മറിച്ച് ആസൂത്രിതമായ ഒരു പ്രവൃത്തിയാണെന്ന് മനസ്സിലാക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല. പഴയ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് നേര്‍ എതിര്‍വശം സവര്‍ക്കറേ പ്രതിഷ്ഠിച്ചവരാണ് ഇവര്‍. 
ഗവണ്‍മെന്റിന്റെ നടപടികള്‍ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ഭരണഘടനയോടുള്ള പ്രതിബദ്ധതയെയാണ് അട്ടിമറിക്കുന്നത്. ഗാന്ധിജിയുടെ വധത്തില്‍ സവര്‍ക്കര്‍ ഒരു പ്രതിയായിരുന്നുവെന്നും, തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹം കുറ്റവിമുക്തനായെങ്കിലും, പിന്നീട് കപൂര്‍ കമ്മീഷന്‍ സവര്‍ക്കറിനെതിരെ സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശ്രദ്ധേയമാണ്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഈ നീതിനിന്ദയിലും മതനിരപേക്ഷ മൂല്യങ്ങളുടെ അട്ടിമറിയിലും ശക്തമായി പ്രതികരിക്കണം.

facebook twitter