യു.എസുമായുള്ള വ്യാപാര കരാറിൽനിന്ന് ഇന്ത്യയെ തടഞ്ഞുനിർത്താൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡിന്റെ രഹസ്യ കത്ത്

04:01 PM Aug 29, 2025 | Neha Nair

ന്യൂഡൽഹി : യു.എസുമായുള്ള വ്യാപാര കരാറിൽനിന്ന് ഇന്ത്യയെ തടഞ്ഞുനിർത്താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രാഷ്​ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചെന്നും ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായത്തിന് അത് നിമിത്തമായെന്നും റിപ്പോർട്ട്. ചൈനയും ഇന്ത്യയും ഒരുപോലെ ട്രംപിന്റെ വ്യാപാര സമ്മർദത്തിനിരയായ വേളയിലായിരുന്നു ഈ കത്തെന്നും അതോടെ ഇന്ത്യ ചൈനയുമായി വീണ്ടും അടുക്കാൻ തുടങ്ങിയെന്നുമാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തിന് തൊട്ടുമുമ്പുള്ള റിപ്പോർട്ടിന് പിന്നാലെ ഷി ജിൻപിങ് കത്തിലെ വിശദാംശവുമായി ന്യൂഡൽഹിയിലെ ചൈനീസ് എംബസി രംഗത്തുവന്നു. ഇന്ത്യ - ചൈന നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷിക വേളയിലാണ് ഷി ജിൻപിങ് കത്തയച്ചതെന്ന് എംബസി വ്യക്തമാക്കി.

അതേസമയം, റഷ്യയുമായുള്ള എണ്ണ വ്യാപാരം നിയന്ത്രിച്ചി​ല്ലെങ്കിൽ തീരുവയിലെ നിലപാട് മയപ്പെടുത്തില്ലെന്നും യു.എസ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ സങ്കീർണമായെന്നും യു.എസ് ഉൽപന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണെന്നും ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് കുറ്റപ്പെടുത്തി. അമേരിക്കയുടെ ദേശീയ സാമ്പത്തിക കൗൺസിൽ ഡയറക്ടർ കൂടിയാണ് ഹാസെറ്റ്.

Trending :

റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന് പിഴയെന്ന നിലക്ക് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തിൽ വരികയും ഇന്ത്യയുടെ കയറ്റുമതിമേഖലയെ ബാധിച്ചുതുടങ്ങുകയും ചെയ്തതിന് പിന്നാലെയാണ് യു.എസ് ഭീഷണി.