ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എട്ട് സൈനികര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രതികൂല കാലാവസ്ഥയും റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.ഇതുവരെ അഞ്ച് മരണം സ്ഥിരീകരിച്ചു.
ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയും കരസേനയും വ്യോമയേനയും സംയുക്തമായാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. മണ്ണിനടിയില്‍ ജീവന്റെ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിവുളള കടാവര്‍ നായ്ക്കളുടെ സഹായവും ഉപയോഗിക്കുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥയും റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതുമാണ് രക്ഷാദൗത്യത്തിന് പ്രധാന തടസ്സം. അഞ്ച് ദേശീയ പാതകളും ഏഴ് സംസ്ഥാന പാതകളും, രണ്ട് അതിര്‍ത്തി റോഡുകളും ഉള്‍പ്പെടെ 163 റോഡുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. താത്ക്കാലിക പാതയൊരുക്കി ഒറ്റപ്പെട്ടുപോയ ധരാലി ഗ്രാമത്തിലേക്ക് എത്താനുളള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
എട്ട് സൈനികര്‍ ഉള്‍പ്പെടെ നൂറോളം പേരെ കാണാനില്ലെന്നാണ് വിവരം. ഓപ്പറേഷന്‍ ശിവാലിക് എന്ന പേരിട്ടിരിക്കുന്ന രക്ഷാ ദൗത്യത്തിലൂടെ 413 പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. വ്യോമ സേന വിമാനങ്ങളും ഡെറാഡൂണില്‍ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ധരാലിയില്‍ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനിയും മേഘവിസ്‌ഫോടനങ്ങള്‍ക്കും മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.