+

സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15നു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങിയവരുടെ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15നു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങിയവരുടെ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, കറക്ഷനൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും. 

ജില്ലകളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. കൊല്ലം - വി. ശിവൻകുട്ടി, പത്തനംതിട്ട - വീണാ ജോർജ്ജ്, ആലപ്പുഴ - സജി ചെറിയാൻ, കോട്ടയം - ജെ. ചിഞ്ചുറാണി, ഇടുക്കി - റോഷി അഗസ്റ്റിൻ, എറണാകുളം - പി. രാജീവ്, തൃശൂർ - ആർ. ബിന്ദു, പാലക്കാട് - എം.ബി. രാജേഷ്, മലപ്പുറം - കെ. രാജൻ, കോഴിക്കോട് - എ.കെ. ശശീന്ദ്രൻ, വയനാട് - ഒ.ആർ. കേളു, കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി, കാസർഗോഡ് - കെ. കൃഷ്ണൻകുട്ടി എന്നീ മന്ത്രിമാർ അതത് ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുക്കും. സംസ്ഥാന പൊലീസിന്റെയും ഹോംഗാർഡ്, എൻ.സി.സി., സ്‌കൗട്ട്സ് എന്നിവരുടേയും നേതൃത്വത്തിൽ നടക്കുന്ന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും.

സബ് ഡിവിഷണൽ, ബ്ലോക്ക് തലങ്ങളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദേശീയ പതാക ഉയർത്തും. തദ്ദേശ സ്ഥാപനതലത്തിൽ മേയർ, മുനിസിപ്പൽ ചെയർപേഴ്സൺ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ ദേശീയ പതാക ഉയർത്തും. സർക്കാർ ഓഫിസുകൾ, സ്‌കൂളുകൾ, കോളേജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കും. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും ദേശീയ പതാക ഉയർത്തും.

ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമത്തിലെ വ്യവസ്ഥകൾ കർശനമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. നാഷണൽ സല്യൂട്ട് നൽകുമ്പോൾ യൂണിഫോമിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും സല്യൂട്ട് നൽകണം. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ദേശീയ പതാകയുടെ നിർമ്മാണം, വിതരണം, വിൽപന, ഉപയോഗം മുതലായവ നിരോധിച്ചിട്ടുള്ളതായും ആഘോഷങ്ങളിലൂടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കേണ്ടതാണെന്നും നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.

facebook twitter