റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം രജനികാന്ത് ചിത്രം കൂലിയുടെ വ്യാജ പതിപ്പ് പുറത്ത്. ഇന്നലെ (ആഗസ്റ്റ് 14)
തിയേറ്റർ റിലീസ് ചെയ്ത ചിത്രത്തിൻറെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ലഭ്യമാകുന്നത്.
240പി റിപ്പുകൾ മുതൽ പ്രീമിയം ക്വാളിറ്റിയുള്ള 1080പി പ്രിന്റുകൾ വരെയുള്ള വിവിധ പതിപ്പുകളിൽ സിനിമ പ്രചരിക്കുന്നുണ്ട്. ഇത് ബോക്സ് ഒഫീസ് കണക്കുകളെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. തമിഴ് റോക്കേഴ്സ്, ഫിൽമിസില്ല, മൂവിറൂൾഡ്, മൂവീസ് ഡാ എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതെന്നാണ് വിവരം. വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
2024 ൽ പുറത്തിറങ്ങിയ വേട്ടയാൻ എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത് വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. ഫിലോമിൻ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ആമസോൺ പ്രൈം വിഡിയോ ആണ് ചിത്രത്തിൻറെ ആഫ്റ്റർ തിയറ്റർ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോർഡ് ഡീൽ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിൻറെ വൻ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാൾ വലിയ തുകയാണ് ഇത്.