
ജോലിയിൽ നിർമിതബുദ്ധി എങ്ങനെയെല്ലാം ഉപയോഗിക്കണമെന്ന്, തങ്ങളുടെ സോഫ്റ്റ്വെയർ എൻജിനീയർമാർക്കായി മാർഗനിർദേശ പുസ്തകം പുറത്തിറക്കി ഗൂഗ്ൾ. ജോലിയിൽ നിർമിതബുദ്ധിയുടെ ഉപയോഗം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ഗൂഗ്ൾ. ജോലിയിൽ ഉൽപാദനക്ഷമത വർധിപ്പിക്കാൻ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതിനുള്ള വിശദമായ മാർഗരേഖയാണ് കമ്പനി ജീവനക്കാർക്ക് അയച്ചു നൽകിയിരിക്കുന്നത്. തങ്ങളുടെ 30 ശതമാനം കോഡിങ് ജോലികളും ഇപ്പോൾ എ.ഐ ആണ് നിർവഹിക്കുന്നതെന്ന് കമ്പനി സി.ഇ.ഒ സുന്ദർ പിച്ചൈ ഈയിടെയാണ് പ്രഖ്യാപിച്ചത്. എ.ഐ ടൂളുകളിലൂടെ തങ്ങളുടെ എൻജിനീയർമാരുടെ ഉൽപാദനക്ഷമത 10 ശതമാനം കൂടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘9 ടു 5 ഗൂഗ്ൾ’ എന്ന മാർഗരേഖയിൽ, ദൈനംദിന കോഡിങ്ങിന് എ.ഐ ഉപയോഗിക്കേണ്ട രീതിശാസ്ത്രം വിവരിക്കുന്നു. ‘‘വേഗത്തിലും മെച്ചപ്പെട്ട രൂപത്തിലും ജോലി നിർവഹിക്കാൻ ഓരോ എൻജിനീയറും എ.ഐ ഉപയോഗിക്കണം.’’ -ഗൂഗ്ൾ വക്താവ് വിശദീകരിക്കുന്നു.
വർഷങ്ങളുടെ ടെക്നിക്കൽ ഡേറ്റ ഉപയോഗിച്ച് ട്രെയിൻ ചെയ്ത ‘ഗൂസ്’ (Goose) പോലുള്ള ഇന്റേണൽ ടൂളുകൾ ആണ് കോഡിങ്ങിൽ ഗൂഗ്ൾ എൻജിനീയർമാരെ പിന്തുണക്കുന്നത്. നിലവിൽ പൊതുവിപണിയിൽ ഗൂഗിളിന്റേതായി ജെമനൈ കോഡ് അസിസ്റ്റ്, ജെമനൈ സി.എൽ.ഐ, ആൻഡ്രോയ്ഡ് സ്റ്റുഡിയോ ജെമനൈ എന്നീ ടൂളുകളുണ്ട്. എൻജിനീയർമാരെ സഹായിക്കുന്നതിനൊപ്പം, നിലവിലെ എ.ഐ കോഡിങ് ടൂളുകളുടെ പരിമിതി കൂടി വെളിപ്പെടുത്തുന്നതാണ് മാർഗരേഖയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യശേഷി അനിവാര്യമാണെന്നാണ് ഈ മാർഗരേഖയുടെ അർഥമെന്ന് ടെക് മേഖലയിലുള്ളവർ പറയുന്നു.