ബീറ്റ്‌റൂട്ട് അമിതമായി കഴിക്കുന്നത് അപകടം
ബീറ്റ്‌റൂട്ട് പോഷകമൂല്യത്തിനും പാചക വൈവിദ്യത്തിനും പേരുകേട്ടതാണ്. രുചികരമായ പലതരം വിഭവങ്ങൾ ഉണ്ടാക്കാനും ആരോഗ്യകരവുമായതിനാൽ ആളുകൾ ഇതിനെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. എന്നാൽ അമിതമായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കും.
ബീറ്റ്‌റൂട്ടിന്റെ ആരോഗ്യഗുണങ്ങൾ
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ റിസർച്ച് സർവ്വീസിന്റെ കണക്കനുസരിച്ച് ബീറ്റ്‌റൂട്ടിൽ പ്രോട്ടീൻ മാത്രമല്ല കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ, ഫൈറ്റോസ്‌റ്റെറോളുകൾ, ധാതുക്കൾ, നാരുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
ദിവസവും എത്ര ബീറ്റ് റൂട്ട് കഴിക്കാം
എൻഎഫ്എസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഓരോ രണ്ട് ദിവസവും 150 ഗ്രാം ബീറ്റ്‌റൂട്ട് കഴിക്കുന്നത് ആരോഗ്യകരമാണെന്നും സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് പഠനം തെളിയിക്കുന്നതായും പറഞ്ഞു.2022ലെ മെറ്റാഅനാലിസിസ് പ്രസ്താവിച്ചത് അനുസരിച്ച് ജ്യൂസിന്റെ രൂപത്തിലാണെങ്കിൽ ദിവസവും 250 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണകരമാണ്.
അമിതമായി ബീറ്റ്‌റൂട്ട് കഴിച്ചാൽ എന്ത് സംഭവിക്കും
ആരോഗ്യകരമായ ഭക്ഷണംകഴിക്കുന്നത് ശരീരത്തിന് വളരെ മികച്ചതാണ്. പക്ഷേ ഗവേഷകരും വിദഗ്ധരും പറയുന്നത് ബീറ്റ്‌റൂട്ടിന് ചില പാർശ്വഫലങ്ങളുണ്ട് എന്നാണ്. അവ ഇതാണ്.
ബീറ്റൂറ്റിയ
ബീറ്റ്‌റൂട്ടിലെ ബീറ്റാസയാനിന്റെ പിഗ്മെന്റേഷൻ മൂലം മൂത്രവും മലവും പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ പോകുന്ന അവസ്ഥയാണ് ബീറ്റൂറിയ.
വൃക്കയിലെ കല്ലുകൾ
ബീറ്റ്‌റൂട്ടിൽ ഓക്‌സലേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാൽസ്യം ആഗിരണം മന്ദഗതിയിലാക്കും. വലിയ അളവിൽ കഴിക്കുമ്പോൾ ബീറ്റ്‌റൂട്ട് ശരീരത്തിൽ ഓക്‌സലേറ്റുകളുടെ വർദ്ധനവിന് കാരണമാകും. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും ആഗിരണം ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. അതുവഴി വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.
ദഹന പ്രശ്‌നങ്ങൾ
ഉയർന്ന അളവിലുള്ള നാരുകൾ വയറിനെ അസ്വസ്ഥമാക്കുകയും വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ബീറ്റ്‌റൂട്ടിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ ബീറ്റ്‌റൂട്ട് കഴിക്കുന്നതാണ് നല്ലത്.