തിരുവനന്തപുരം: കേരളത്തിന് പുറത്ത് പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ആർജിച്ച ക്രെഡിറ്റുകൾ സഹിതം കേരളത്തിൽ തുടർപഠനത്തിന് അനുമതി നൽകി സർക്കാർ . നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം വർഷത്തിലേക്കാണ് പ്രവേശനാനുമതി നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലകൾക്ക് നിർദേശം നൽകിയത്. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ ഒന്നാം വർഷ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് ആർജിച്ച ക്രെഡിറ്റുകൾ സഹിതം കേരളത്തിലേക്ക് മാറാം.
ക്രെഡിറ്റുകൾ ട്രാൻസ്ഫർ ചെയ്ത് സംസ്ഥാനത്തെ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നൽകാനാണ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സർവകലാശാല രജിസ്ട്രാർമാർക്ക് നിർദേശം നൽകിയത്. നാലു വർഷ ബിരുദ പ്രോഗ്രാമിൻറെ ഭാഗമായി വിദ്യാർഥികൾക്ക് ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്ത് അന്തർസർവകലാശാല മാറ്റം അനുവദിച്ചിരുന്നു. നിലവിൽ ഇത് കേരളത്തിനകത്തുള്ള സർവകലാശാലകൾക്കിടയിലാണ് നടപ്പാക്കുന്നത്. എന്നാൽ, കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും പൂർത്തിയാക്കിയ ക്രെഡിറ്റ് സഹിതം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ ഇതു വഴിയൊരുക്കും.
കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് നേടിയ ക്രെഡിറ്റുകൾ കൂടി പരിഗണിച്ചായിരിക്കും ബിരുദം നൽകുക. പുറത്ത് പഠനം നടത്തുന്നവർക്ക് ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യത്തോടെ കേരളത്തിലേക്ക് മാറാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിർദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്.