ധർമസ്ഥല: വീണ്ടും അസ്ഥികൾ കണ്ടെത്തിയതായി സൂചന; മനാഫിന്റെ മൊഴിയെടുത്തു

10:32 AM Sep 09, 2025 | Kavya Ramachandran

ധര്‍മസ്ഥല: ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതായി വിവരം.  പ്രത്യേക അന്വേഷണസംഘം ഉജിരെ-ധര്‍മസ്ഥല റോഡരികിലെ ബംഗ്ലഗുഡ്ഡെ വനപ്രദേശത്ത് മണ്ണുനീക്കി പരിശോധിച്ചപ്പോഴാണ് ഒന്നിലധികം ആളുകളുടെ അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതെന്നാണ് സൂചന. എന്നാല്‍ അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. ഒന്നരമാസം മുമ്പ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളി സി.എന്‍.ചിന്നയ്യ, താന്‍ കോടതിയില്‍ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെട്ട അസ്ഥിഭാഗങ്ങള്‍ തനിക്ക് നല്‍കിയത് വിട്ടല്‍ ഗൗഡയാണെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു.

 തലയോട്ടി കിട്ടിയത് ബംഗ്ലഗുഡ്ഡെയില്‍നിന്നാണെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വനപ്രദേശത്തെ, മുമ്പ് അസ്ഥികള്‍ കണ്ടെത്തിയ 11 എ നമ്പര്‍ സ്ഥലത്തിനരികില്‍ മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് അസ്ഥികള്‍ കിട്ടിയതെന്നാണ് വിവരം. ഈ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെളിപ്പെടുത്തലിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് കേസില്‍ ചിന്നയ്യ അറസ്റ്റിലായതോടെ ധര്‍മസ്ഥല സൗജന്യ കര്‍മസമിതി പ്രവര്‍ത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവര്‍, ടി.ജയന്ത് തുടങ്ങിയവരെ അന്വേഷണസംഘം ചോദ്യം ചെയ്തുവരുന്നതിനിടെയാണ് വിട്ടല്‍ ഗൗഡയും കേസില്‍ ഉള്‍പ്പെടുന്നത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കാമെന്ന് ഇയാളും അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇയാള്‍ പറഞ്ഞ സ്ഥലത്തുനിന്നാണ് ഇപ്പോള്‍ അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയത്. അതേസമയം കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ചിന്നയ്യയെ ശിവമൊഗ്ഗ ജയിലിലേക്ക് മാറ്റി.

ധര്‍മസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് യുട്യൂബില്‍ വീഡിയോകള്‍ പങ്കുവെച്ച മലയാളി യുട്യൂബര്‍ ലോറിഉടമ മനാഫിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ ബെല്‍ത്തങ്ങാടിയിലെ ഓഫീസില്‍വെച്ചാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. ധര്‍മസ്ഥല സൗജന്യ കര്‍മസമിതി പ്രവര്‍ത്തകന്‍ ടി.ജയന്തുമായി ചേര്‍ന്ന് ഇയാള്‍ ഒട്ടേറെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.