+

ശബരിമലയിലെ ആ പൂക്കൾ ചന്ദനത്തിരിയാവില്ല

ശബരിമല സന്നിധാനം, പമ്പ  ,നിലയ്ക്കൽ എന്നിവടങ്ങളിൽ മണ്ഡല മകരവിളക്ക് കാലത്ത് ഉപേക്ഷിക്കപ്പെടുന്ന പൂക്കൾ ചന്ദനത്തിരിയാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു.

പത്തനംതിട്ട: ശബരിമല സന്നിധാനം, പമ്പ  ,നിലയ്ക്കൽ എന്നിവടങ്ങളിൽ മണ്ഡല മകരവിളക്ക് കാലത്ത് ഉപേക്ഷിക്കപ്പെടുന്ന പൂക്കൾ ചന്ദനത്തിരിയാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു.ശുചിത്വമിഷൻ മുന്നോട്ടുവെച്ച ആശയത്തോട്, ബന്ധപ്പട്ട ഏജൻസിക്ക് താത്പര്യമില്ലാത്തതാണ് കാരണം. കാൺപുർ ആസ്ഥാനമായ ‘ഫൂൽ’ എന്ന ഏജൻസിയെയാണ് സർക്കാർ ബന്ധപ്പെട്ടിരുന്നത്.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് ഈ ആശയവുമായി ശുചിത്വമിഷൻ മുന്നോട്ടുവന്നത്. ഇതിന്റെ ഭാഗമായി ശുചിത്വമിഷൻ ഡയറക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിൽ എത്തിയിരുന്നു.
ഫൂലുമായി നടക്കുമെന്ന് പറഞ്ഞിരുന്ന തുടർചർച്ചകൾ പിന്നീട് ഉണ്ടായില്ല.

ശബരിമല സന്നിധാനത്ത് പുഷ്പാഭിഷേകത്തിനുശേഷംവരുന്ന പൂക്കളാണ് കൂടുതലായും ഉപേക്ഷിക്കപ്പെടുന്നത്. കേരളത്തിനു വെളിയിൽനിന്നുവരുന്ന അയ്യപ്പൻമാർ ഇരുമുടിക്കെട്ടിൽ പൂമാലകളും കെട്ടാറുണ്ട്. അത് ഉപേക്ഷിക്കുന്നതും സന്നിധാനത്താണ്.

വിശേഷദിവസങ്ങളിൽ ശബരിമല ക്ഷേത്രം അലങ്കരിക്കുന്നത് പൂമാലകൾ കൊണ്ടാണ്. അങ്ങനെയുള്ളതും സന്നിധാനത്ത് ഉപേക്ഷിക്കപ്പെടുന്നു.പമ്പാതീരത്തും ഇരുമുടിക്കെട്ടിലെ പൂമാലകൾ ഉപേക്ഷിക്കാറുണ്ട്. നിലയ്ക്കലിൽ വാഹനങ്ങൾ അലങ്കരിച്ചുകൊണ്ടുവരുന്ന പൂമാലകളാണ് ഉപേക്ഷിക്കുന്നത്. യാത്ര പുറപ്പെടുമ്പോൾ വാഹനങ്ങളിൽ കെട്ടുന്ന പൂമാലകൾ അഴിച്ചുകളഞ്ഞശേഷം പുതിയവ കെട്ടുന്നത് നിലയ്ക്കലെ പാർക്കിങ് ഗ്രൗണ്ടിൽവെച്ചാണ്.

സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഉപേക്ഷിക്കുന്ന പൂമാലകൾ ഇവിടങ്ങളിൽ ശുചീകരണം നടത്തുന്ന വിശുദ്ധിസേനാംഗങ്ങളാണ് ഇൻസിനറേറ്ററിൽ എത്തിച്ച് കത്തിക്കുന്നത്.

ചന്ദനത്തിരി നിർമാണം തൊഴിൽ സാധ്യത ഉണ്ടാക്കുമെന്നും ശുചിത്വമിഷൻ അവകാശപ്പെട്ടിരുന്നു. ശബരിമലയിൽ നടപ്പാക്കിയശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപനത്തിലുണ്ടായിരുന്നു.

facebook twitter