അതിക്രമിച്ചു കയറി ; തത്തേങ്ങലം വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്

04:43 PM Aug 29, 2025 | Neha Nair

പാലക്കാട് : തത്തേങ്ങലം വനത്തിൽ കല്ലംപാറ മലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്. അതിക്രമിച്ചു കയറിയെന്ന വകുപ്പ് ചുമത്തിയാണ് 3 യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകൽ പാറപ്പുറം സ്വദേശികളായ ഇർഫാൻ, ഷമീൽ, മുർഷിദ് എന്നിവരാണ് കഴിഞ്ഞ ദിവസം വനത്തിലകപ്പെട്ടത്. വനംവകുപ്പ് ആർആർടി സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഘം വനത്തിൽ കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്. മല കയറിയ വിദ്യാർഥികൾക്ക് തിരിച്ചിറങ്ങുമ്പോൾ വഴിതെറ്റിയതാണ് കാട്ടിൽ കുടുങ്ങാൻ കാരണം. കല്ലംപാറ ഭാഗത്തു നിന്ന് മൊബൈൽഫോണിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് കാണിച്ചാണ് വിദ്യാർഥികൾ സഹായം അഭ്യർഥിച്ചത്. തുടർന്ന് വനപാലക സംഘം രാത്രി അതീവ സാഹസികമായി വനത്തിൽ തിരച്ചിൽ നടത്തി. രക്ഷാ പ്രവർത്തകരും കുടുങ്ങിയവരും ഫ്ലാഷ് ലൈറ്റ് തെളിയിക്കുന്നത് പരസ്പരം കാണുന്നുണ്ടെങ്കിലും സമീപം എത്താൻ ഏറെ സമയമെടുത്തു. ചെങ്കുത്തായ മലയും നിബിഡ വനവും ഇരുട്ടും മറികടന്നാണ് വിദ്യാർഥികൾക്ക് സമീപം വനപാലകരെത്തിയത്.

Trending :