കണ്ണൂരിൽ ഇല്ലാത്ത ജ്വല്ലറിയുടെ പേരിൽ സ്വർണ്ണം നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് ; മൂന്ന് പരാതികളിൽ എഫ്.ഐ.ആർ ഇട്ടെങ്കിലും തളിപ്പറമ്പ് പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാർ

04:28 PM Nov 07, 2025 |


കണ്ണൂർ : ഇല്ലാത്ത ജ്വല്ലറിയുടെ പേരിൽ സ്വർണ്ണം നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിൽ മൂന്ന് പരാതികളിൽ എഫ്.ഐ.ആർ ഇട്ടെങ്കിലും തളിപ്പറമ്പ് പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാർ. സമാനമായ സംഭവത്തിൽ ബംഗളൂരുവിൽ നൽകിയ പരാതിയിൽ 2 പേരെ അറസ്റ്റ് ചെയ്യുകയും 180 കോടിയുടെ സ്വർണ്ണം കണ്ടെടുക്കുകയും ചെയ്തിരുന്നു. തളിപ്പറമ്പിലെ പരാതികളിൽ ഇതുവരെ പൊലിസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

രണ്ടരവർഷം മുമ്പ് ആണ് നിരവധി വീട്ടമ്മമാർ ഉൾപ്പെടെ ജ്വല്ലറിയിൽ തങ്ങളുടെ സ്വർണ്ണം നിക്ഷേപിച്ചത്. ഇവരുടെ പേരിൽ വിവിധ ബാങ്കുകളിൽ പണയം വച്ചിരുന്ന സ്വർണ്ണം തിരിച്ചെടുക്കാൻ സഹായിക്കാമെന്നും പകരം തങ്ങളുടെ തുടങ്ങാനിരിക്കുന്ന ജ്വല്ലറിയിൽ പണയമായി നൽകിയാൽ ലഭിക്കുന്ന പണത്തിന് പലിശ വേണ്ടയെന്നുമാണ് വാഗ്ദാനം നൽകിയിരുന്നത്. 6 മാസം കഴിഞ്ഞാൽ വാങ്ങിയ പണം തിരിച്ചു നൽകിയാൽ സ്വർണ്ണം തിരിച്ചു നൽകുമെന്നും വിശ്വസിപ്പിച്ചു. 

കണ്ണൂർ, കാസർക്കോട് ജില്ലകളിൽ നിന്ന് 1400 പേരിൽ നിന്ന് 93 കിലോ സ്വർണ്ണം ഇത്തരത്തിൽ മാതമംഗലം കുറ്റൂർ സ്വദേശി സലാം, തളിപ്പറമ്പ് കുപ്പം സ്വദേശി മുഹമ്മദ് അഷ്റഫ് എന്നിവർ കൈക്കലാക്കി. എന്നാൽ രണ്ടര വർഷത്തിനു ശേഷവും സ്വർണ്ണം ലഭിച്ചില്ല. തുടക്കത്തിൽ ഫോണിൽ ബന്ധപ്പെടുമ്പോൾ പെട്ടന്ന് സ്വർണ്ണം തിരിച്ചു തരുമെന്ന് മറുപടി ലഭിച്ചിരുന്നു. ഇപ്പോൾ ഇവരെ ബന്ധപ്പെടാൻ സാധിക്കാറില്ല. തട്ടിപ്പിനിരയായത് മനസിലായതേടെ നിരവധി പേർ പരാതി നൽകിയെങ്കിലും അബ്ദുൽ റഹ്മാൻ, നവാസ്, ഹനീഫ എന്നിവരുടെ പരാതികളിൽ എഫ്.ഐ.ആർ ഇട്ട് കേസടുത്തു. എന്നാൽ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. 

സമാനമായ സംഭവത്തിൽ ബംഗളൂരുവിൽ സലാം, മുഹമ്മദ് അഷ്റഫ് എന്നിവരുടെ പേരിലുള്ള പരാതിയിൽ കേസെടുത്ത ബംഗളൂരു പൊലിസ് സലാമിനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്യുകയും ജ്വല്ലറികളിൽ വിറ്റ 1.478 കിലോ സ്വർണ്ണം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് പൊലിസ് അടിയന്തിരമായി ഞങ്ങളുടെ പരാതിയിൽ അന്വേഷണം നടത്തി കുറ്റക്കാരെ കസ്റ്റഡിയിൽ എടുക്കുകയും സ്വർണ്ണം തിരികെ ലഭിക്കാൻ നടപടിയെടുക്കണമെന്നുമാണ് വീട്ടമ്മമാർ ആവശ്യപ്പെടുന്നത്.