ഗൂഗ്ൾ മാപുകളുടെ സംഭാഷണ നാവിഗേഷന് കരുത്ത് പകരാൻ ജെമിനി എ.ഐ

08:06 PM Nov 07, 2025 |


ഗൂഗ്ൾ മാപുകളുടെ സംഭാഷണ നാവിഗേഷന് കരുത്ത് പകരാൻ ജെമിനി എ.ഐ

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ ഗൂഗ്ൾ മാപ്‌സ് പുതിയൊരു ദിശയിലേക്ക് നീങ്ങുകയാണ്. ജെമിനി എ.ഐ സാങ്കേതികവിദ്യയുടെ കരുത്തിൽ ലോകത്തിലെ ഏറ്റവും ജനപ്രിയ നാവിഗേഷൻ ആപ്പായ ഗൂഗ്ൾ മാപ്‌സ് കൂടുതൽ സംഭാഷണ രൂപത്തിലേക്ക് മാറുകയാണ്. ഈ ഹാൻഡ്‌സ്-ഫ്രീ സംവിധാനം ഗൂഗ്ൾ മാപ്‌സിനെ ഒരു വിദഗ്ധനായ സഹയാത്രികനെപ്പോലെ മാറ്റാൻ ഉദേശിക്കുന്നു. ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഡ്രൈവർക്ക് വഴി കാണിക്കുന്നതിനോടൊപ്പം ഭക്ഷണശാലകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, കാഴ്ചകൾ എന്നിവയെക്കുറിച്ചും വിവരങ്ങൾ നൽകുന്നു.

ജെമിനി എ.ഐ ഫീച്ചറുകൾ വഴി ഗൂഗ്ൾ മാപ്‌സിന് കൂടുതൽ കൃത്യത നേടാൻ സാധിക്കും. ദൂരം നോക്കിയുള്ള അറിയിപ്പുകൾക്ക് പകരം, തിരിയേണ്ട സ്ഥലം സൂചിപ്പിക്കാൻ പ്രധാനപ്പെട്ട കെട്ടിടങ്ങളെയോ മറ്റ് അടയാളങ്ങളെയോ ഇത് ഉപയോഗിക്കും. ചില സന്ദർഭങ്ങളിൽ ജെമിനി, ചാറ്റ്‌ ജി.പി.റ്റി പോലുള്ള എ.ഐ ചാറ്റ്‌ബോട്ടുകൾ വിവരങ്ങൾ തെറ്റായി നൽകാൻ സാധ്യതയുണ്ടെങ്കിലും ഡ്രൈവർമാർക്ക് അബദ്ധത്തിൽ വഴിതെറ്റാതിരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗ്ൾ ഉറപ്പ് നൽകുന്നു.

ജെമിനി എ.ഐയുടെ പ്രധാന സവിശേഷത ഡ്രൈവിങ് സമയത്ത് നിങ്ങൾക്ക് ഒരു സഹായി എന്ന നിലയിൽ മാപ്‌സുമായി സംസാരിക്കാൻ കഴിയും എന്നതാണ്. ഒരു സ്ഥലം ലക്ഷ്യമാക്കി പോകുമ്പോൾ ട്രാഫിക്, അടുത്തുള്ള സ്ഥലങ്ങൾ, വഴിയിൽ കാണേണ്ട കാഴ്ചകൾ എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാം. ഉദാഹരണത്തിന് നിങ്ങൾ ഒരു സ്ഥലത്തേക്ക് പോവുകയാണെങ്കിൽ ഈ റൂട്ടിലെ ഏറ്റവും മികച്ച ഇറ്റാലിയൻ റെസ്റ്റോറന്‍റ് ഏതാണ്?, അല്ലെങ്കിൽ ഈ സ്ഥലത്തിനടുത്ത് ഒരു പെട്രോൾ പമ്പ് ഉണ്ടോ? എന്ന് ചോദിച്ചാൽ മാപ്‌സ് കൃത്യമായ മറുപടി നൽകും. ഈ ഫീച്ചർ ഹാൻഡ്‌സ്-ഫ്രീ ആയി പ്രവർത്തിക്കുന്നതിനാൽ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കും.

ദിശകൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്ന മറ്റൊരു പുതിയ ഫീച്ചറാണ് ലാൻഡ്മാർക്ക് ലെൻസ്. സാധാരണയായി മാപുകൾ 100 മീറ്റർ മുന്നോട്ട് പോയി വലത്തേക്ക് തിരിയുക എന്ന രീതിയിലാണ് നിർദേശങ്ങൾ നൽകുന്നത്. എന്നാൽ ലാൻഡ്മാർക്ക് ലെൻസ് വഴി ജെമിനി എ.ഐ. പ്രധാന കെട്ടിടങ്ങളെയും അടയാളങ്ങളെയും അടിസ്ഥാനമാക്കി നിർദേശങ്ങൾ നൽകും. ഇത് വെറും ദിശാസൂചനകൾ നൽകുന്ന ഒരു ഉപകരണം എന്നതിലുപരി വ്യക്തിപരമായ യാത്രാ സഹായി ആയി മാറുമെന്ന് ഗൂഗ്ൾ ഉറപ്പ് നൽകുന്നു.