കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി തടവുചാടൻ മുറിച്ചത് സെല്ലിൻ്റെ താഴത്തെ ഭാഗം. തറയിൽ കിടന്ന് കൊണ്ടു പുറത്ത് കടക്കാൻ പറ്റുന്ന രീതിയിൽ അടിഭാഗത്തെ രണ്ടു അഴികളാണ് മുറിച്ചു മാറ്റിയത് മുറിച്ച ഒരു അഴി നൂൽ കൊണ്ടു കെട്ടിവെച്ച നിലയിലുമാണ്. ഒറ്റനോട്ടത്തിൽ വ്യക്തമാവുന്ന തരത്തിലാണ് ഇതുള്ളതെങ്കിലും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന വിചിത്ര ന്യായമാണ് ജയിൽ വാർഡൻമാർ മൊഴിയായി നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച്ച പുലർച്ചെ നടത്തിയ പരിശോധനയിൽ ഇതൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്ന ജയിൽ ഉദ്യോഗസ്ഥരുടെ വാദം പൊലിസ് അന്വേഷണത്തിൽ വസ്തുതാപരമല്ലെന്ന് കണ്ടെത്തിയിരുന്നു. ജയിൽ വകുപ്പ് നടത്തിയ ആഭ്യന്തര തല അന്വേഷണത്തിലും ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് ഗുരുതരമായ വീഴ്ച്ചയാണെന്ന് വിലയിരുത്തിയിരുന്നു.ജയിൽ ചാടിയതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ കൂടുതൽ ജീവനക്കാരെ ജയിൽ വകുപ്പ് നിയമിച്ചിട്ടുണ്ട്.
വിയ്യൂർ അതിസുരക്ഷാ ജയിലിലെ ജി എഫ് വൺ സെല്ലിന് അകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഒപ്പം മറ്റൊരു തടവുകാരനെയും പാർപ്പിച്ചു. കണ്ണൂരിൽ നിന്ന് ജയിൽ ചാടി തമിഴ്നാട്ടിൽ എത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് ഗോവിന്ദച്ചാമിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.