വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

07:32 AM Jul 05, 2025 | Suchithra Sivadas

തമിഴ്‌നാട് നീലഗിരിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. 21 പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് ശാസ്ത്ര അധ്യാപകന്‍ സെന്തില്‍ കുമാര്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

നീലഗിരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ പൊലീസുകാര്‍ എത്തിയതാണ് വഴിത്തിരിവായത്. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് വിശദമായി പറഞ്ഞുകൊടുത്ത പൊലീസുകാര്‍ ലൈംഗികാതിക്രമം നടന്നാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് നിര്‍ദേശിച്ചതോടെ ഒരു വിദ്യാര്‍ത്ഥിനിക്ക് ധൈര്യമായി. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ശാസ്ത്ര അധ്യാപകനായ സെന്തില്‍ കുമാര്‍ പലപ്പോഴും മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചിട്ടുണ്ടെന്നും, ആളില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് ബലമായി ചുംബിച്ചിട്ടുണ്ടന്നും കുട്ടി പൊലീസുകാരോട് പറഞ്ഞു.

ഇതോടെ കൂടുതല്‍ കുട്ടികള്‍ മുന്നോട്ടെത്തി. സെന്തില്‍ കുമാര്‍ ലൈംഗികാതിക്രമം നടത്തിയതിന്റെ ദുരനുഭവം 21 കുട്ടികള്‍ ആണ് തുറന്നു പറഞ്ഞത്. മറ്റുള്ളവരോട് പറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ വെളിപ്പെടുത്തി. ഇതോടെ ജില്ലാ പൊലീസ് മേധാവിയായ എന്‍.എസ് നിഷയെ വിവരമറിയിച്ച പൊലീസ് പിന്നാലെ അധ്യാപകനെ അറസ്റ്റുചെയ്തു.