ചായക്കടയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അതിഥിത്തൊഴിലാളിക്ക് പരിക്ക്

09:53 AM Aug 25, 2025 | Kavya Ramachandran

വണ്ടൂര്‍: രവിമംഗലത്ത് ചായക്കടയിലുണ്ടായ സ്‌ഫോടനം പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകീട്ട് 4.45-ഓടെ വാളമുണ്ട വെളുത്തേടത്ത് ഉണ്ണികൃഷ്ണന്റെ (50) ചായക്കടയിലാണ് സംഭവം. വലിയ ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനസമയത്ത് അതിഥിത്തൊഴിലാളികള്‍ ഹോട്ടലിലുണ്ടായിരുന്നു. ഇവരില്‍ ഒരാളുടെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ മുഖത്തും പരിക്കുള്ളതായി പറയുന്നു.

ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടയില്‍ സൂക്ഷിച്ച പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്ഥലത്ത് പോലീസ് കാവലുണ്ട്. ഫൊറന്‍സിക് സംഘം തിങ്കളാഴ്ച രാവിലെയെത്തി തെളിവെടുക്കും. പ്രദേശത്ത് പന്നിശല്യം രൂക്ഷമാണ്. ഇയാള്‍ വീട്ടിലും കടയിലുമായി പന്നിപ്പടക്കമുണ്ടാക്കി വില്പന നടത്താറുള്ളതായി പറയുന്നു.

 മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ  നിര്‍മാണത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തില്‍ അലമാരയുടെ ചില്ലുകളും ഉള്ളിലുണ്ടായിരുന്ന ചെറിയ ഇരുമ്പുമേശയുടെ അടിഭാഗവും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനശേഷം ഉണ്ണികൃഷ്ണന്‍ അവിടം അടിച്ചുവാരി കുപ്പിച്ചില്ലുകളും മറ്റും പുറത്തേക്ക് കളയുകയായിരുന്നു.

Trending :