
കൊച്ചി: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ താക്കീതുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിച്ചുവെന്നായിരുന്നു എം ആർ അജിത് കുമാറിന്റെ വിശദീകരണം. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
പമ്പയിൽ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാറിന്റെ യാത്ര. പമ്പ-സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമെ ട്രാക്ടർ ഉപയോഗിക്കാവൂവെന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതാണ് അജിത് കുമാർ ലംഘിച്ചത്. ഇതിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. എഡിജിപിയുടെ ട്രാക്ടർ യാത്ര നിർഭാഗ്യകരമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിവാദത്തെ തുടർന്ന് എം ആർ അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റി പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചിരുന്നു