എട്ട് ഉറക്ക ഗുളികള്‍ കഴിച്ചിരുന്നു, ഉറക്കം വരാത്തതിനാല്‍ പത്തെണ്ണം കൂടി കഴിച്ചു ; ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്ന് ഗായിക കല്‍പന

06:43 AM Mar 07, 2025 | Suchithra Sivadas

അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായിക കല്‍പന രാഘവേന്ദ്ര പൊലീസിന് മൊഴി നല്‍കി. താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നായിരുന്നു കല്‍പന പൊലീസിന് നല്‍കിയ മൊഴി.
എട്ട് ഉറക്ക ഗുളികള്‍ കഴിച്ചിരുന്നുവെന്നും എന്നാല്‍ ഉറക്കം വരാത്തതിനെ തുടര്‍ന്ന് പത്തെണ്ണം കൂടി കഴിച്ചുവെന്നും കല്‍പന പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതിന് ശേഷം നടന്ന കാര്യങ്ങളൊന്നും തനിക്ക് ഓര്‍മയില്ലെന്നും കല്‍പന പൊലീസിനോട് വെളിപ്പെടുത്തി. അതിനിടെ മരുന്ന് കഴിക്കുന്നതിന് മുന്‍പ് കല്‍പന മകളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി കെപിഎച്ച്ബി പൊലീസ് പറഞ്ഞു.

പഠനാവശ്യങ്ങള്‍ക്കായി മകളോട് ഹൈദരാബാദിലേക്ക് താമസം മാറാന്‍ കല്‍പന പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കല്‍പനയെ ഹൈദരാബാദിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കല്‍പന ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഇത് നിഷേധിച്ച് മകള്‍ ദയാ പ്രസാദ് പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. അമ്മ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും മരുന്ന് കഴിച്ചപ്പോള്‍ ഡോസ് കൂടി പോയതാണെന്നായിരുന്നു ദയയയുടെ പ്രതികരണം.