ഹൃദയാഘാതത്തിന്റെ വേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാറുണ്ട്.
ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയാഘാതത്തിന്‍റെ തോത് കൂടി വരുന്ന സാഹചര്യമാണ് ഇന്ന് കാണാനാകുന്നത്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൂടുന്നതാണ് പലപ്പോഴും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നത്. രക്തസമ്മർദ്ദം മൂലവും ഹൃദയാഘാതം സംഭവിക്കാം. അമിത വണ്ണവും ഹൃദയാഘാത സാധ്യതയ്ക്ക് വഴിയൊരുക്കും. പുകവലിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത ഏറെയാണ്. കൂടാതെ മദ്യപാനം, സ്ട്രെസ് ഇതൊക്കെ ഹൃദയാഘാത സാധ്യത കൂട്ടാം.
ഹൃദയാഘാതത്തെ തിരിച്ചറിയപ്പെടാതെ പോകുന്നതിന് കാരണം ലക്ഷണങ്ങളെ കുറിച്ച് അറിവില്ലാത്തതാണ് എന്നാണ് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റായ ഡോ. വി.വിനോത് പറയുന്നത്. വിയർപ്പ്, കഠിനമായ ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം എന്നിവ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്.
ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഹൃദയാഘാതത്തിന്‍റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ ആണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഇറുകിയതുപോലെയോ സമ്മർദ്ദമായോ ഞെരുക്കുന്നതായോ തോന്നാം എന്നും ഡോ. വി.വിനോത് പറയുന്നു.
രണ്ട്...
ഹൃദയാഘാത ലക്ഷണങ്ങൾ നെഞ്ചിനു പുറമേ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം. ഇടനെഞ്ചിൽ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനു നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാം.
മൂന്ന്...
ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദന ഇല്ലാതെ പോലും ഈ ലക്ഷണം പ്രകടമാകാം. നടക്കുമ്പോഴോ ഉറക്കത്തിലോ ഉള്ള ശ്വാസതടസ്സം ഹൃദയവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണെന്നും ഡോ. വി.വിനോത് പറയുന്നു.
നാല്...
ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികൾക്ക് ഓക്കാനം അനുഭവപ്പെടാം. അല്ലെങ്കിൽ ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും അനുഭവപ്പെടാം. ഈ ലക്ഷണങ്ങൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത് എന്നും ഡോ. വി.വിനോത് പറയുന്നു.
അഞ്ച്...
അമിത വിയർപ്പാണ് മറ്റൊരു ലക്ഷണം. പുരുഷന്മാരിലാണ് ഈ ലക്ഷണം കൂടുതലായി കാണപ്പെടുന്നത്. പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ നിങ്ങൾ പെട്ടെന്ന് വിയർക്കുകയാണെങ്കിൽ, അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്.
ആറ്...
അമിത ക്ഷീണമോ, തളർച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം.
ഏഴ്...
ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം. ഈ മനഃശാസ്ത്രപരമായ ലക്ഷണങ്ങളും തള്ളിക്കളയരുത് എന്നാണ് ഡോ. വി.വിനോത് പറയുന്നത്.