+

ഭിന്നിച്ച് നില്‍ക്കുന്നവരെ വോട്ടര്‍മാര്‍ എങ്ങനെ വിശ്വസിക്കും ; ബിഹാറില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

ബിഹാറിലെ അറായില്‍ നടന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം.

ബിഹാറില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനൊപ്പം കോണ്‍ഗ്രസും ഓപ്പറേഷന്‍ സിന്ദൂറിന്റെ ഞെട്ടലിലാണെന്നും പ്രതിപക്ഷം ബിഹാറില്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്‍ഡ്യാ സഖ്യത്തില്‍ ഭിന്നതയുണ്ടെന്നും പ്രകടന പത്രികയില്‍ പോലും ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ആര്‍ജെഡി കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രിസ്ഥാനം കവര്‍ന്നെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെ ഭിന്നിച്ച് നില്‍ക്കുന്നവരെ വോട്ടര്‍മാര്‍ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിലെ അറായില്‍ നടന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം.

'ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ രാജ്യം അഭിമാനത്തിലായിരുന്നു. പക്ഷെ കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷിയായ ആര്‍ജെഡിക്കും ആ വിജയം ഇഷ്ടമായില്ല. സ്ഫോടനങ്ങളുണ്ടായത് പാകിസ്താനിലാണെങ്കിലും ഉറക്കമില്ലാത്ത രാത്രികള്‍ കോണ്‍ഗ്രസ് രാജകുടുംബത്തിനായിരുന്നു. പാകിസ്താനും കോണ്‍ഗ്രസും ഓപ്പറേഷന്‍ സിന്ദൂറിന്റെ ഞെട്ടലില്‍ നിന്ന് പുറത്തുവന്നിട്ടില്ല': എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.


ഒരുവശത്ത് വികസിത ഭാരതം എന്ന പ്രതിജ്ഞയെടുത്ത് എന്‍ഡിഎ മുന്നോട്ടുപോകുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസും ആര്‍ജെഡിയും ഏറ്റുമുട്ടുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. 'കോണ്‍ഗ്രസിന് ഒരു ആര്‍ജെഡി നേതാവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രഖ്യാപിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. പക്ഷെ ആര്‍ജെഡി അവസരം വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. ആര്‍ജെഡി കോണ്‍ഗ്രസിന്റെ തലയ്ക്ക് തോക്കുചൂണ്ടി മുഖ്യമന്ത്രിസ്ഥാനം മോഷ്ടിച്ചെടുക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി': നരേന്ദ്രമോദി പറഞ്ഞു.

facebook twitter