കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വേണമെങ്കില്‍ ബിജെപി എടുത്തോട്ടെ,അവരെ ജയിലിലടച്ചതിന്റെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുമോ ; ജോണ്‍ ബ്രിട്ടാസ് എംപി

07:59 AM Aug 03, 2025 |


കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ്. കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വേണമെങ്കില്‍ ബിജെപി എടുത്തോട്ടെ എന്നും എന്നാല്‍ അവരെ ജയിലിലടച്ചതിന്റെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുമോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. 

എട്ട് ദിവസമാണ് കന്യാസ്ത്രീകള്‍ ജയിലില്‍ കഴിഞ്ഞതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ വന്നതിന്റെയും, പെണ്‍കുട്ടികളുടെ സഹോദരനെ മര്‍ദ്ദിച്ചതിന്റെയും, കഴിഞ്ഞ കുറേ വര്‍ഷമായി ക്രൈസ്തവ സഭകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതിന്റെയും ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുമോ എന്നും ബ്രിട്ടാസ് ചോദിച്ചു. എത്രയോ വര്‍ഷമായി ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമമുണ്ടാകുന്നു. ക്രൈസ്തവരുടെ വോട്ട് നേടി ജയിക്കാം എന്നതായിരുന്നു ബിജെപിയുടെ പ്ലാന്‍. പക്ഷെ ഛത്തീസ്ഗഡ് വിഷയം ഉണ്ടായപ്പോള്‍ തങ്ങളുടെ പ്ലാന്‍ പൊളിഞ്ഞല്ലോ എന്ന തോന്നല്‍ ബിജെപിക്ക് ഉണ്ടായെന്നും ബ്രിട്ടാസ് പറഞ്ഞു. പെട്ടുപോയതുകൊണ്ട് തലയൂരാനാണ് ബിജെപി രംഗത്തുവന്നതെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായതോടെ ക്രെഡിറ്റിനായുള്ള തര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ഇടപെടലാണ് കന്യാസ്ത്രീകളുടെ മോചനത്തിന് വഴിതെളിച്ചത് എന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞിരുന്നു. സഭകള്‍ സഹായം ചോദിച്ചത് കൊണ്ടാണ് ബിജെപി ഇടപെട്ടത് എന്ന് രാജീവ് ചന്ദ്രശേഖറും പറഞ്ഞിരുന്നു,