ദീപാവലി ദിനത്തിൽ അതിർത്തിയിൽ മധുര വിതരണം നടത്താതെ ഇന്ത്യ

10:00 AM Oct 22, 2025 | Neha Nair

ജയ്പൂർ : ഇന്ത്യയിലെ ആഘോഷാവസരങ്ങളിൽ ഇന്ത്യാ-പാക് അതിർത്തിയിൽ കാലങ്ങളായി മധുരപലഹാരങ്ങൾ നൽകുന്ന രീതിയുണ്ടായിരുന്നു. ഇത്തവണത്തെ ദീപാവലി ദിനത്തിൽ ഈ മധുര വിതരണം ഇന്ത്യ നടത്തിയില്ല. പലഹാരങ്ങൾ വിതരണം ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിർത്തി സുരക്ഷാ സേനയ്ക്ക് നിർദേശം നൽകിയതിനെത്തുടർന്നാണ് തീരുമാനം.

പതിറ്റാണ്ടുകളായി സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഹോളി, ദീപാവലി, ഈദ് തുടങ്ങിയ ദേശീയവും മതപരവുമായ എല്ലാ ആഘോഷ വേളകളിലും ഇന്ത്യ- പാക് സൈനികർ മധുരപലഹാരങ്ങളും ആശംസകളും കൈമാറിയിരുന്നു. സംഘർഷങ്ങൾക്കിടയിലും പരസ്പര സൗഹാർദത്തിന്റെ പ്രതീകമാണ് മധുരപലഹാരങ്ങൾ വിതരണം ചെയ്യൽ. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ 26 പേരെ കൊലപ്പെടുത്തിയതിനെത്തുടർന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചത്.