പാലക്കാട്: ഇരുട്ടിന്റെ മറവില്‍ വീട്ടിലേക്ക് പടക്കം എറിഞ്ഞ് ജനലിന്റെ ഗ്ലാസ് തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുത്തനൂര്‍ പ്രാരുകാട് പങ്കജത്തിന്റെ വീടിനു നേരെയാണ് അതിക്രമം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ഒച്ച വച്ചതോടെ അക്രമി ബൈക്കുമായി രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജനലിലെ ഗ്ലാസുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഇതിനു താഴെയായി പെട്രോള്‍ നിറച്ച കുപ്പിയും, പടക്കം ചുറ്റി കെട്ടിയ നിലയില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുഴല്‍മന്ദം പോലീസ് കേസെടുത്തു. ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍, കുഴല്‍മന്ദം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അനൂപ്, വിരല്‍ അടയാള വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.