കളി ചിരികളുമായി സ്കൂൾ വിട്ട് മടങ്ങിയത് മരണത്തിലേക്ക് : നാടിന് നൊമ്പരമായി നേദ്യ

10:03 PM Jan 01, 2025 | Desk Kerala

കണ്ണൂർ: കളി ചിരികളുമായി സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുരുന്നിനെ അപതീക്ഷിതമായ മരണം തട്ടിയെടുത്തത് നാടിന് നൊമ്പരമായി മാറി. പുതുവത്സര ദിനത്തിലാണ് അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയുടെ ജീവൻ വാഹനാപകടത്തിൽ നഷ്ടമായത്.

കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിന്റെ ബസാണ് വളക്കൈ റോഡ് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനാൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ബുധനാഴ്ച്ചവൈകുന്നേരം നാലരയോടെ വളക്കൈപാലത്തിന് സമീപത്തായിരുന്നു അപകടം.ചൊറുക്കള സ്വദേശിയായ നേദ്യ എസ്.രാജേഷെന്ന പതിനൊന്നു വയസുകാരിയാണ് അതിദാരുണമായി ബസിനടിയിൽപ്പെട്ട് മരിച്ചത്.

ചിന്‍മയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ' സീനയാണ് അമ്മ. വേദ(കേന്ദ്രീയ വിദ്യാലയം ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി) സഹോദരിയാണ്. പരിക്കേറ്റ ശ്രീനായ് സഹാനി എന്ന കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൂന്ന് കുട്ടികളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂൾ ബസ് മറിഞ്ഞ് ആകെ ഇരുപതോളം കുട്ടികൾക്കാണ് പരുക്കേറ്റത്. നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

സ്കൂൾ ബസുകൾ പലതും ഫിറ്റ്നസെടുക്കാതെ അമിതമായി വിദ്യാർത്ഥികളെ കയറ്റിയാണ് സർവീസ് നടത്തുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. നേദ്യയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.