എം വി ഗീതാമണി സ്മാരക പ്രഥമ റീഡേഴ്സ് അവാര്‍ഡ് പി ശബരീനാഥിന്

09:40 PM Dec 31, 2024 | AVANI MV

കണ്ണൂർ :  കരിവെള്ളൂര്‍ കൂക്കാനം ഗവ: യു പി സ്‌കൂള്‍, സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏര്‍പ്പെടുത്തിയ മികച്ച വായനക്കാര്‍ക്കുള്ള പ്രഥമ അവാര്‍ഡ് പി.ശബരീനാഥ് നേടി. എ കെ അനുശ്രീ, എച്ച് ശിവഗംഗ എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹരായി. പോയ വര്‍ഷം വായിച്ച പുസ്തകങ്ങള്‍, മറ്റ് ആനുകാലികങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആസ്വാദന കുറിപ്പും അഭിമുഖവും പരിഗണിച്ചാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

എഴുത്തുകാരായ സി.എം വിനയചന്ദ്രന്‍ മാസ്റ്റര്‍, രാജേഷ് കടന്നപ്പള്ളി, വിനു മുത്തത്തി, ഗ്രന്ഥശാലാ പ്രവര്‍ത്തകനും ദേശീയ അധ്യാപക അവാര്‍ഡു ജേതാവുമായ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സ്‌കൂള്‍ ചുറ്റുവട്ടത്തുള്ള ഗ്രന്ഥശാലകളാണ് മികച്ച വായനക്കാരെ അവാര്‍ഡിനായി നോമിനേറ്റു ചെയ്തത്. വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകളും പരിശോധനക്ക് വിധേയമാക്കി. അന്തരിച്ച
അധ്യാപിക കൊടക്കാട് ഓലാട്ടെ എം വി ഗീതാമണി ടീച്ചറുടെ ഓര്‍മ്മയ്ക്കാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.