തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്തിലെ ബൂത്ത് നിർണയം ഏകപക്ഷീയമെന്ന് യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ 24ന് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം മാനിക്കാതെയാണ് പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒമ്പതാം വാർഡായ തലോറ നോർത്തിലെയും പതിനൊന്നാം വാർഡായ തലോറ സൗത്തിലെയും ബൂത്തുകൾ നിർദ്ദേശിച്ചത്.
ഇത് വോട്ടർമാരുടെ സൗകര്യങ്ങൾ പരിഗണിക്കാതെ തികച്ചും ഏകപക്ഷീയമായ സമീപനമാണ്. ഒൻപതാം വാർഡിൽ ഏറെ സൗകര്യമുള്ള കഴിഞ്ഞ തവണ ഇലക്ഷൻ നടന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടും മുഈനുൽ ഇസ് ലാം ഹയർ സെക്കൻഡറി മദ്റസയും ഉണ്ടായിട്ടും ഒരു രാഷ്ട്രീയ പാർട്ടിയും ആവശ്യപ്പെടാതെ 6 കിലോമീറ്റർ അകലെയുള്ള താരതമ്യേന സൗകര്യം കുറഞ്ഞ തലോറ എ.എൽ.പി സ്കൂളിനെയാണ് ബൂത്തായി പരിഗണിച്ചത്. അതോടൊപ്പം പതിനൊന്നാം വാർഡിൽ ഏറെ സൗകര്യമുള്ള പുഷ്പഗിരി സെൻ്റ് ജോസഫ് സ്കൂൾ ഉണ്ടായിരുന്നിട്ടും തലോറ എ.എൽ.പി സ്കൂളിനെ തന്നെയാണ് ബൂത്തായി പരിഗണിച്ചത്.
കൂടാതെ രാഷ്ട്രീയ പാർട്ടികളുടെ രണ്ടു വീതം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന ബൂത്ത് നിർണയ യോഗത്തിൽ പരിയാരം പഞ്ചായത്ത് പ്രസിഡൻ്റിനെ പങ്കെടുപ്പിക്കുകയും യോഗം നിയന്ത്രിക്കുന്നതിന് അവസരം നൽകുകയും ചെയ്ത് ഗുരുതരമായ ചട്ടലംഘനമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വിയോജിപ്പ് അവഗണിച്ച് തലോറ എ.എൽ.പി സ്കൂളിനെ ബൂത്തായി പരിഗണിച്ച വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി 9, 11 വാർഡുകളിലെ വോട്ടർമാരുടെയും പഞ്ചായത്തിലെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് വിഷയത്തിൽ നീതിപൂർവ്വമായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മറ്റി കൺവീനർ പി.വി സജീവൻ,
പി.വി അബ്ദുൽ ശുക്കൂർ, അഷ്റഫ് പുളുക്കൂൽ, കെ. രാജൻ, ടി. വിജയൻ, ജോസ് വേലിക്കകത്ത് എന്നിവർ സമ്മേളനത്തിൽ അറിയിച്ചു.