ശ്രീകണ്ഠാപുരം നഗരസഭയിലെ വായനശാലകൾക്ക് വർത്തമാനപത്രങ്ങൾ നിഷേധിച്ചതിൽ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു

09:35 AM Jul 08, 2025 | AVANI MV

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം  നഗരസഭാപരിധിയിലെ വായനശാലകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും  നൽകിയിരുന്ന  ദിനപത്രങ്ങളുടെ വിതരണം
2025 ഏപ്രിൽ ഒന്നു മുതൽ  നിലച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച്  ശ്രീകണ്ഠപുരത്ത് സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തകരുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് 2024 -25 വർഷം ക്ലബുകൾക്കും വായനശാലകൾക്കും രണ്ടു വീതം പത്രങ്ങൾ നൽകാനുള്ള പ്രോജക്ട് ശ്രീകണ്ഠപുരം  നഗരസഭ പാസാക്കിയത്. സംസ്ഥാന സർക്കാർ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും നൽകുന്ന പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഇത്തരം സേവനങ്ങൾ നടപ്പാക്കുന്നത്.

എന്നാൽ 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെ വിതരണം ചെയ്ത ദിനപത്രങ്ങളുടെ തുക ഇതുവരെ ഏജൻ്റ്മാർക്ക് നൽകിയിട്ടില്ല. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമിച്ച ഇംപ്ലിമെൻ്റിംഗ് ഓഫീസർ തനിക്ക് ഇത് നടത്താൻ കഴിയില്ല എന്ന് ആദ്യഘട്ടം മുതൽ രേഖ മൂലം അറിയിച്ചിരുന്നെങ്കിലും അത് മാറ്റി നൽകാനോ നടപ്പാക്കാനോ പകരം സംവിധാനങ്ങൾ ആലോചിക്കുവാനോ ഇതുവരെയായി  ഭരണസമിതി തയാറായിട്ടില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.  

പത്ര ഏജൻ്റുമാർക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുക നൽകാത്തതിനാൽ പത്ര വിതരണം നിലച്ചതിനെ തുടർന്ന് വായനശാല പ്രവർത്തകരും നേതൃസമിതികളും നഗരസഭ അധികൃതരെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടും ഒരു പരിഹാരവും കാണാത്ത അവസ്ഥയാണുള്ളത്. കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഇ.കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ജനാർദ്ദനൻ, ഇ.കെ.അജിത്ത് കുമാർ, കെ.കെ.രവി, ടി.പി.ഷീന  എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠപുരംനഗരസഭയുടെ പരിധിയിൽ വരുന്ന ഇരുപത്തഞ്ചോളം ഗ്രന്ഥശാലകൾക്കും മറ്റ് സാംസ്കാരിക ക്ലബുകൾക്കും പത്രം അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താൻ  തീരുമാനിച്ചതായും സംഘാടകർ പറഞ്ഞു.