യശോദ ടീച്ചർ അനുസ്മരിച്ച് മഹിളാ സംഘം

09:48 PM Jul 26, 2025 | Neha Nair

കണ്ണൂർ : കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യശോദ ടീച്ചർ അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി  സന്തോഷ് കുമാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾ മുൻ നിരയിലേക്ക് കടന്നുവരാത്ത ഒരു കാലഘട്ടത്തിലാണ് സമൂഹത്തിന്റെ മുഖ്യധാരയിലേക്കും തുടർന്ന് രാഷ്ട്രീയ രംഗത്തേക്കും യശോദ ടീച്ചർ കടന്നു വന്നത്.  

അധ്യാപനരംഗത്തും കേരളത്തിലെ ആദ്യത്തെ വനിതാ മാധ്യമപ്രവർത്തകയായും മികച്ച രീതിയിൽ ടീച്ചർ പ്രവർത്തിച്ചു. ലളിതമായ ശൈലി പിന്തുടർന്ന ടീച്ചറുടെ ജീവിതം മാതൃകാപരമാണ്. ഇച്ഛാശക്തിയോടെ സംഘടനയെ കെട്ടിപടുക്കുന്നതിൽ ടീച്ചർ വഹിച്ച പങ്ക് വലുതാണ്.യശോദടീച്ചർ കാണിച്ച പാതയിലൂടെ മുന്നോട്ട് പോയി സംഘടനയെ ശക്തിപ്പെടുത്തുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. 

അത് നിർവ്വഹിക്കുന്നതിലൂടെ യശോദ ടീച്ചറെ പോലുള്ള  നേതാക്കളുടെ ത്യാഗനിർഭരമായ ജീവിതത്തിന് നീതി പകരുവാൻ സാധിക്കുമെന്നും സി പി സന്തോഷ് കുമാർ പറഞ്ഞു. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ഉഷ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ മഹിജ അധ്യക്ഷയായി.  എ പ്രദീപൻ , ടി സാവിത്രി എന്നിവർ സംസാരിച്ചു. കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന സ്വാഗതവും രേഷ്മ പരാഗൻ നന്ദിയും പറഞ്ഞു പറഞ്ഞു.