+

ഛത്തീസ്ഗഡിൽ നിയമം കൈയിലെടുത്തവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്

ചത്തീസ്ഗഡിൽ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ഒൻപത് ദിവസം ജയിൽവാസം അനുഷ്ഠിച്ച കന്യാസ്ത്രീകൾക്ക് എൻ ഐ എ കോടതിയിൽ നിന്ന് വ്യവസ്ഥകളോടെയാണെങ്കിലും ജാമ്യം അനുവദിച്ചതിലുള്ള സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് കെ പി സി അധ്യക്ഷൻ സണ്ണി ജോസഫ്.

കണ്ണൂർ :ചത്തീസ്ഗഡിൽ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ഒൻപത് ദിവസം ജയിൽവാസം അനുഷ്ഠിച്ച കന്യാസ്ത്രീകൾക്ക് എൻ ഐ എ കോടതിയിൽ നിന്ന് വ്യവസ്ഥകളോടെയാണെങ്കിലും ജാമ്യം അനുവദിച്ചതിലുള്ള സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് കെ പി സി അധ്യക്ഷൻ സണ്ണി ജോസഫ്.തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കളവായി കെട്ടിച്ചമച്ച കേസിലാണ് കന്യാസ്ത്രീകൾ ജയിലിൽ കഴിയാൻ ഇട വന്നിട്ടുള്ളത്. അനാരോഗ്യവും അവശതയും ഉണ്ടായിരുന്ന കന്യാസ്ത്രീകളെ മാനസികമായും, ശാരീരികമായും പീഡിപ്പിക്കുന്ന സംഭവമാണ് ആദ്യം മുതൽ ഉണ്ടായത്. 

ബജ്റംഗ്‌ദൾ പ്രവർത്തകർ അവർക്ക് നേരെ ആക്രോശിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലൂടെ ജനങ്ങൾ മുഴുവൻ കേട്ടതാണ്. അത്തരത്തിൽ നിയമം കൈയ്യിലെടുത്ത് കന്യാസ്ത്രീകളെയും തൊഴിൽ അന്വേഷിച്ച് അവരോടൊപ്പം ചെന്ന യുവതികളെയും ഭീഷണിപ്പെടുത്തുകയും, കയ്യേറുകയും  ചെയ്തവർക്കെതിരെ നിയമാനുസൃത നടപടികൾ ഉണ്ടാകണം.കൂടാതെ നിയമവിരുദ്ധമായി കന്യാസ്ത്രീകൾക്കെതിരെ എടുത്ത കേസുകളിൽ അന്വേഷണം നടത്തി ആ കേസ് റദ്ദാക്കി കൊണ്ടുള്ള റഫർ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ നൽകേണ്ടതുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ കന്യാസ്ത്രീകളുടെ നിരപരാധിത്വം അംഗീകരിച്ചുകൊണ്ട് അവരുടെ പേരിലുള്ള കെട്ടിച്ചമച്ച കേസ് അവസാനിപ്പിക്കാൻ ഗവൺമെൻറ് സന്നദ്ധമാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾ ജയിൽവാസം അനുഷ്ഠിക്കാൻ ഇടയായ സാഹചര്യത്തിൽ അവർക്ക് ഉണ്ടായിട്ടുള്ള പീഡനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്ക് എതിരെ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിൽ കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾക്ക് യാതൊരു പങ്കുമില്ല, കോടതിയുടെ വിവേചനാധികാര പ്രകാരമാണ് ഉപാധികളോടെ ജാമ്യം ലഭിച്ചിട്ടുള്ളത്. ജാമ്യം നൽകിയത് തങ്ങളുടെ ഔദാര്യമാണന്ന് വാദിക്കുന്നവർ നിരപരാധികളെ ജയിലിലാക്കിയത് തങ്ങളുടെ ക്രുരതയാണ് എന്ന് അംഗീകരിക്കേണ്ടാതായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

facebook twitter