പുതിയ കാലത്തെ അദ്ഭുതം തന്നെയാണ് മുല്ലക്കൊടിയിലെ ദാമുവേട്ടൻ ;സേവനം തന്നെ പരിപാടി

11:18 AM Aug 03, 2025 | AVANI MV

മയ്യിൽ : സ്വാർത്ഥതകൊണ്ട് മനുഷ്യത്വം ഇരുളടഞ്ഞു കൊണ്ടിരിക്കുന്ന പുതിയകാലത്ത് സാന്ത്വന പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു അത്ഭുത മനുഷ്യനുണ്ട് മുല്ലക്കൊടിയിൽ. പരിപാടി ദാമുവേട്ടൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കൊയക്കാട്ട് ദാമോദരൻ. അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും, അവരുടെ വേദനകൾ സ്വന്തം വേദനയായി കരുതുകയും ചെയ്യുന്ന ഇദ്ദേഹം സ്വന്തം നാട്ടുകാർക്ക് മാത്രമല്ല, സങ്കടത്തോടെ വിളിക്കുന്ന ആർക്കും സഹായിയാണ്. ആർക്ക് സുഖമില്ലാതായാലും സമയവും കാലാകാലവും നോക്കാതെ,വിളി വരുമ്പോൾ അദ്ദേഹം ഷർട്ടുമിട്ട് ഇറങ്ങും.

 വീട്ടുകാർക്കും നാട്ടുകാർക്കും പിന്നീട് അദ്ദേഹത്തെ കാണാനാവുക ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞായിരിക്കും. താൻ കൂട്ടിനും സഹായത്തിനും പോകുന്ന രോഗിയോടോ ബന്ധുവിനോടോ ഒരു പ്രതിഫലവും വാങ്ങാറില്ല. മംഗലാപുരം, വെല്ലൂർ, കോഴിക്കോട്, വയനാട്, തിരുവനന്തപുരം തുടങ്ങിയിട്ടുള്ള പ്രശസ്ത ആശുപത്രികളും ചട്ടവട്ടങ്ങളും ദാമുവേട്ടന്  പരിചിതമാണ്. രോഗിയോടൊപ്പം ദാമുവേട്ടൻ സഹായത്തിന് ഇറങ്ങുമ്പോൾ രോഗിയുടെ കുടുംബക്കാർക്ക് ധൈര്യമാണ്. പലരും പ്രതിഫലമായി പണം ചുരുട്ടി കീശയിലിടുമ്പോൾ സന്തോഷത്തോടെ നിർബന്ധിച്ച് തിരിച്ചു കൊടുക്കാറാണ് പതിവ്. അംഗീകാരമോ പുരസ്കാരമോ പ്രസക്തിയോ ആഗ്രഹിക്കാത്ത തികച്ചും പച്ചയായ മനുഷ്യനാണ് ഈ 78 വയസു കാരൻ.ഒരു കൈ കൊണ്ട് ചെയ്യുന്നത് മുറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവൻ. ദാമുവേട്ടന്റെ മുമ്പിൽ വരുന്ന മുഖങ്ങൾക്ക് ജാതിയോ മതമോ രാഷ്ട്രീയമോ വ്യത്യാസമില്ല. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ജോലിയും ഒഴിവാക്കി മണിപ്പാലിൽ രോഗിയെയും കൊണ്ടുപോയ അനുഭവമുണ്ട്. 1970 മുതൽ സിപിഎം അംഗമായ ഇദ്ദേഹം, ഒരിക്കൽ സിപിഎം നേതാവായ പാട്യം ഗോപാലൻ പാർട്ടി പ്രവർത്തകരോട് സാന്ത്വന പ്രവർത്തനം നടത്തണമെന്ന് പറഞ്ഞിരുന്നു. 

അങ്ങനെയാണ് സാന്ത്വന പ്രവർത്തനം തുടങ്ങിയത്. സമൂഹത്തിനു വേണ്ടി മാത്രം ജീവിക്കുന്ന അദ്ദേഹം സ്വന്തമായി ഒന്നും നേടിയിട്ടില്ല. പണ്ടേയുള്ള പഴകിയ വീടും ഇടുന്ന വെള്ള വസ്ത്രവും മാത്രമാണ് സമ്പാദ്യം. തന്നെപ്പറ്റി നന്നായി അറിയുന്ന ഓമനയാണ് ഭാര്യ. ഉത്തമൻ, ഉമേഷ്, ഉദയകുമാർ എന്നീ മൂന്ന് ആൺമക്കളുമുണ്ട്.അവർക്കുവേണ്ടി ഒന്നും ഇതുവരെ ചെയ്യാനായിട്ടില്ല. താൻ രോഗികളോടൊപ്പം പോകുമ്പോൾ എന്തിനാണ് പോകുന്നതെന്ന് ഒരിക്കലും അവർ ചോദിക്കാറില്ല. എന്നാൽ ആദ്യമായി തടസ്സം നിന്നത് കോവിഡ് കാലത്താണ്. ഒരു കുട്ടിയെയും കൊണ്ട് വെല്ലൂരിൽ പോകുമ്പോഴാണത്.

65 കഴിഞ്ഞവർ പുറത്തുപോകാൻ പാടില്ലെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഉള്ളതുകൊണ്ടായിരുന്നു അത്. താൻ മരിച്ചാലും പോകുമെന്ന നിർബന്ധത്തിനു മുമ്പിൽ അവർക്ക് വഴങ്ങേണ്ടിവന്നു. അഞ്ചാം തരം വരെ പഠിച്ച ഇദ്ദേഹം രോഗീപരിചരണ രംഗത്ത് ഡോക്ടറേറ്റ് കിട്ടിയതിന് തുല്യ യോഗ്യനാണ്. ഈ അടുത്ത കാലത്ത് ദരിദ്രകുടുംബത്തിലെ ഒരു കുട്ടിയെയും കൊണ്ട് തിരുവനന്തരം ആർസിസിയിൽ പോകാനിടയായി. ആരോഗ്യ ഇൻഷ്വറൻസിന് വേണ്ടി സമീപിച്ചപ്പോൾ ഫോണിൽ ഒ.ടി.പി വരുന്നില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ മേലുദ്യോഗസ്ഥരെ നേരിട്ട് കണ്ട് പരിഹാരം കണ്ടെത്താൻ കഴിഞ്ഞെന്നും പണമില്ലാതെ പകച്ചുപോയ കുടുംബത്തിന് അങ്ങനെ ആശ്വാസം പകരാൻ സാധിച്ചു എന്നും അദ്ദേഹം പറയുന്നു.ഡിജിറ്റൽ സാങ്കേതിക യുഗത്തിൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരാൾക്ക് ജീവിതാനുഭവം കൊണ്ട് പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്നപരിഹാരം കണ്ടെത്താനുള്ള കഴിവ് അത്ഭുതം തന്നെയാണ്.

  തന്റെ നാട്ടിലെ എല്ലാ പരിപാടികളിലും ദാമുവേട്ടന്റെ സാന്നിധ്യമുണ്ടാവാറുണ്ട്. കല്യാണമായാലും മരണമായാലും വായനശാല പരിപാടി ആയാലും ദാമുവേട്ടന്റെ സാന്നിധ്യവും ഇടപെടലും കാണാം. പഴയകാലത്ത് ഉണ്ടായിരുന്ന നാടൻ കൂട്ടായ്മ ഇന്ന് നഷ്ടപ്പെടുന്നതിൽ വിഷമമുള്ളതായും, മരണവീടുകളിൽ പോലും പഴയതുപോലെ യുവതലമുറയുടെ സാന്നിധ്യമില്ലായ്മ ഭയപ്പെടുത്തുന്നതായും അദ്ദേഹം പറയുന്നു. മറ്റു ലഹരികളിൽ നിന്ന് യുവതലമുറയെ അകറ്റാൻ പരോപകാരത്തിന്റെ ലഹരിയാണ് അവരിൽ പകരേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു വ്യക്തി തന്റെ മാത്രമല്ല സമൂഹത്തിന്റെ ഭാഗം കൂടിയാണെന്ന് സമൂഹത്തെ പഠിപ്പിക്കുകയാണ് കൊയക്കാട്ട് ദാമോദരൻ. ഇരട്ട പേരായ പരിപാടിയെന്ന് വന്നത് മുല്ലക്കൊടിയിലെ കെ.സി രാഘവൻ നമ്പ്യാർ എന്ന പീടികക്കാരനാണ്. രാഘവൻ നമ്പ്യാരുടെ പീടികയിൽ നിന്ന് ചെറുപ്പക്കാർ വൈകുന്നേരങ്ങളിൽ അവിൽകുഴ നടത്താറുണ്ടായിരുന്നു.അന്നത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ ഭാഗമായിരുന്നു ഈ പരിപാടി. ഇന്ന് പരിപാടി ഇല്ലെടോ ദാമൂ എന്ന് അദ്ദേഹം സ്ഥിരമായി ചോദിക്കും. അങ്ങനെ കൊയക്കാട്ട് ദാമോദരൻ പരിപാടി ദാമുവായി.ഇന്ന് കുട്ടികൾപോലും  സ്നേഹത്തോടെ വിളിക്കുന്ന പരിപാടി എന്ന പേര് ദാമുവേട്ടൻ ഇഷ്ടപ്പെടുന്നു,വളരെ സന്തോഷത്തോടെ.