തളിപ്പറമ്പ് : കുടുംബശ്രീ സംരംഭകരുടെയും വനിതാ കൂട്ടായ്മകളുടെയും ഉല്‍പന്നങ്ങളുടെ വിപുലമായ വിപണിയൊരുക്കി 'ഓണശ്രീ' വില്ലേജ് ഫെസ്റ്റിന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെയും തളിപ്പറമ്പ് കുടുംബശ്രീ സി ഡി എസിന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റ്. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷനായി.
കുടുംബശ്രീ സംരംഭകരുടെയും കാര്‍ഷിക ഗ്രൂപ്പുകളുടെയും തനതായ ഉല്‍പന്നങ്ങളുടെ വില്‍പന സ്റ്റാളുകള്‍, ഭക്ഷ്യമേള, സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും വയോജനങ്ങളും ഉള്‍പ്പെടെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ടം, ഓക്സിലറി പ്രവര്‍ത്തകരുടെ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍, ബഡ്‌സ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ചേര്‍ക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവ ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലുമായി 'ഓണശ്രീ' വില്ലേജ് ഫെസ്റ്റ് വരും ദിവസങ്ങളില്‍ നടക്കും.
ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി റജുല, ആരോഗ്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി.വി നബീസ, പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ പി.പി നിസാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി ഖദീജ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.കെ ഷബിത ടീച്ചര്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ രാജി നന്ദകുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ എന്നിവര്‍ പങ്കെടുത്തു. ഫെസ്റ്റ് സെപ്റ്റംബര്‍ മൂന്ന് വരെ തുടരും.