70 ദിനം നീണ്ടുനിൽക്കുന്ന ആധ്യാത്മിക സഭ കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്ത് സഭാ സപ്തതിക്ക് ഒന്നിന് തിരിതെളിയും

09:13 PM Oct 30, 2025 | Desk Kerala

കണ്ണൂർ/ചിറക്കൽ:ചിറക്കൽ പൈതൃക നഗരിയിൽ, ചാമുണ്ഡി കോട്ടത്ത് എഴുപത് ദിവസം നീണ്ടുനിൽക്കുന്ന ആധ്യാത്മിക പ്രഭാഷണ പരമ്പര നടത്തും.'സഭാ സപ്തതി' ക്ക് നവംബർ ഒന്നിനു രാത്രിഏഴിന് തിരി തെളിയും. സംസ്കൃത പണ്ഡിതൻ വാരണക്കോട്ട് ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി പ്രഭാഷണം നടത്തും.ചിറക്കൽ കോവിലകം സി.കെ. രാമവർമ്മ കോലത്തിരിവലിയ രാജ അധ്യക്ഷത വഹിക്കും എല്ലാ ദിവസവും സന്ധ്യാ പൂജയ്ക്കു ശേഷം രാത്രി ഏഴിനാണ് ആധ്യാത്മിക സഭ. 

വിവിധ ദിവസങ്ങളിലായി എച്ച്. ജി. രാഖല രാജ കനയ്യ , സ്വാമി ചിദാനന്ദപുരി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, റിട്ടയേർഡ് ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ്, ഗുരു നിത്യ ചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത്, ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി, എൽ. ഗിരീഷ് കുമാർ, ബ്രഹ്മചാരി തേജോമയ, ഡോ. പീയൂഷ് നമ്പൂതിരി,രാജേഷ് നാദാപുരം സ്വാമി രാമാനന്ദ നാഥ ചൈതന്യ, കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി, ഒ. എസ് സതീഷ് തുടങ്ങി മുപ്പതിൽപരംപണ്ഡിതന്മാരും സംന്യാസി ശ്രേഷ്ഠരും ആധ്യാത്മിക പ്രഭാഷകരും ഗുരുനാഥന്മാരും പങ്കെടുക്കുന്ന പണ്ഡിത കൂട്ടായ്മയാണ് സഭാ സപ്തതി .ഇതോടൊപ്പം ചാക്യാർകൂത്ത്, കഥകളി മേളപ്പദകച്ചേരി, നാദസ്വര കച്ചേരി തുടങ്ങിയവയും ഒരുക്കുന്നുണ്ട്.

സനാതനധർമ്മവും ധാർമ്മിക മൂല്യങ്ങളും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനാണ്  വൃശ്ചിക മണ്ഡലക്കാലാ ചരണത്തോടനുബന്ധിച്ച് ഇത്തരമൊരു ആധ്യാത്മിക സഭ ഒരുക്കുന്നതെന്ന് ചാമുണ്ഡി കോട്ടം സെക്രട്ടറി സി.കെ. സുരേഷ് വർമ്മ അറിയിച്ചു.

Trending :