കര്‍ക്കിടകമാസം ഒന്നാം തിയ്യതിക്ക് തലേനാളാണ് കര്‍ക്കിടക സംക്രമം. ചക്കന്താരാന്തി എന്നാണ് നാട്ടില്‍ അതിനെ പറയാറ്. മുമ്പൊക്കെ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുള്ള ഒന്നാണ് കര്‍ക്കിടക സംക്രമം.
വീടും പരിസരവും വൃത്തിയാക്കലാണ് പ്രധാന പണി. മുറ്റത്തെ പുല്ലുകള്‍ വലിച്ചു കളയുക, തൊടിയിലെ പാഴ്ച്ചെടികള്‍ നീക്കം ചെയ്യുക എന്നിവയാണ് ആദ്യഘട്ടം.
ചിതലും മാറാലയും അടിച്ചു കളയുക, വാതിലുകളും ജനാലകളും തുടച്ചു വൃത്തിയാക്കുക എന്നിവയാണ് അടുത്ത പടി. തട്ടിന്‍പുറത്തു നിന്ന് പീഠം ശിവോതി വെക്കാനുള്ള പലക, എന്നിവ എടുത്ത് കഴുകി വെക്കുന്നതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തീരും. .
സംക്രാന്തി ദിവസം സന്ധ്യക്ക് വിളക്കു വെക്കുന്നതിന്നു തൊട്ടുമുമ്പ് ചേട്ടയെ കളയും. (ഇതിന് പൊട്ടിനെ ആട്ടൽ എന്നും പറയും) ജ്യഷ്ഠാഭഗവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുന്നു എന്നതാണ് സങ്കല്‍പ്പം. വീട്ടില്‍ പണിക്കുവരാറുള്ള ഏതെങ്കിലും സ്ത്രീകള്‍ ചേട്ടയെ കളയാനെത്തും. അവര്‍ക്ക് മുറുക്കാനും തലയില്‍തേക്കാന്‍ എണ്ണയും അമ്മ കൊടുക്കും. തലയിലും മുഖത്തും എണ്ണതേച്ച് വെറ്റില മുറുക്കി ചുവപ്പിച്ച് അവര്‍ തയ്യാറാവുമ്പോഴേക്ക് അമ്മ സാധനസാമഗ്രികള്‍ ഒരുക്കും.
കീറിയ കുണ്ടുമുറത്തില്‍ പൊട്ടച്ചട്ടി്, കുറ്റിച്ചൂല്, കരിക്കട്ട, താളിന്‍തണ്ട് എന്നിവ അടുക്കി വെച്ചതാണ് ചേട്ട.' . അവര്‍ അത് തലയിലേറ്റി പോയി കഴിഞ്ഞതും അമ്മ നിലവിളക്ക് കത്തിച്ചുവെക്കും. വീട്ടിലെ ഏതെങ്കിലും സ്ത്രീ അപ്പോള്‍ പടിക്കല്‍വരെ പോയി തിരിച്ചുവരും. ശിവോതി കയറി വരുന്ന നേരത്ത് വര്‍ക്കത്തില്ലാത്ത ആരെങ്കിലും കടന്നു വരാതിരിക്കാനാണ് അത്.
രാവിലെ വിളക്കു കൊളുത്തി കിണ്ടിയില്‍ വെള്ളവും തുളസിയും താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കണം. വൈകിട്ട് ഇത് എടുത്തു മാറ്റും. കര്‍ക്കട കത്തിൽ എല്ലാദിവസവും ഇത് തുടരും. രാമയണം വായന പൂര്‍ത്തിയാവുന്നതോടെ ഈ ആചാരം സമാപിക്കുകയും ചെയ്യുന്നു.