കൊച്ചി: കാസർകോട് പൈവളിഗെയിൽ നിന്ന് കാണാതായ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോ എന്ന് കോടതി ചോദിച്ചു. നിയമത്തിന് മുമ്പിൽ വി.വി.ഐ.പിയും തെരുവിൽ താമസിക്കുന്നവരും തുല്യരെന്ന് ഹൈകോടതി വ്യക്തമാക്കി.പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവെയായിരുന്നു വിമർശനം.
പൈവളിഗെയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസിയായ പ്രദീപിനൊപ്പമാണ് (42) 15കാരിയായ പെൺകുട്ടിയേയും മരിച്ചനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടിൽ മരത്തിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണിന്റെ അവസാന ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.