കാസർകോട് : ചെറുവത്തൂര്‍ മയ്യിച്ച വീരമല കുന്നില്‍ ദേശീയപാത 66 നിര്‍മ്മാണ പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഈ ഭാഗത്ത് സംരക്ഷണ ഭിത്തിക്ക് മുകളിലൂടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന തരത്തില്‍ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണിട്ടുണ്ട്. ഗതാഗതം മടക്കര കോട്ടപ്പുറം വഴി നീലേശ്വരത്തേക്ക് തിരിച്ചു വിട്ടു.
ദേശീയപാതയില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തി നടത്തി വരുന്നു. നിര്‍മ്മാണ കമ്പനിയുടെ ജെസിബിയും, ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്‍.ഡി ആര്‍.എഫ് സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.ചെറുവത്തൂര്‍ മയ്യിച്ച വീരമല കുന്നില്‍ ദേശീയപാത 66 നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം എം.രാജഗോപാലന്‍ എംഎല്‍എ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, മുന്‍ എം പി , പി കരുണാകരന്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, ആര്‍.ഡി.ഒ ബിനു ജോസഫ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ജി. സുരേഷ്ബാബു തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.