+

സാനുമാഷിന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം വൈകിട്ട് രവിപുരത്ത്

പത്തുമണി മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും.

പ്രൊഫസര്‍ എം കെ സാനുവിന് മലയാള സാഹിത്യലോകം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സാനുമാഷിന്റെ വിയോഗം.  99 വയസായിരന്നു


രാവിലെ എട്ടുമണിയോടെ മൃതദേഹം ഇടപ്പളളി അമൃത ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഒമ്പതു മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം പത്തുമണി മുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫസര്‍ എം കെ സാനുവിന് ശിഷ്യഗണങ്ങളും കൊച്ചി പൗരാവലിയും ഇന്ന് അന്തിമോപചാരം അര്‍പ്പിക്കും.

എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 5 .35 ന് പ്രൊഫ എംകെ സാനുവിന്റെ മരണം. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.


ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന സാനു മാഷ് എഴുതിയ ജീവചരിത്ര പുസ്തകം മലയാളത്തിലെ എണ്ണം പറഞ്ഞ ജീവചരിത്ര പുസ്തകങ്ങളില്‍ ഒന്നാണ്. പികെ ബാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്. പ്രായമായതിന്റെ അവശതകളിലും അദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

facebook twitter