കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തിയേക്കും. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കും.
സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങള്‍ തുടരും.വിവിധ പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കെഎസ് യു, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി എന്ന ആവശ്യം ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരുന്നു. എന്നാല്‍ മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധങ്ങള്‍ ശക്തമായി തുടരാനാണ് പ്രതിപക്ഷ സംഘടകളുടെ തീരുമാനം