ബിന്ദുവിന്റെ മരണം : ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

12:36 PM Jul 08, 2025 | AVANI MV

തിരുവല്ല : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിക്കാൻ ഇടയായ സംഭവത്തിൽ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് നടന്ന മാർച്ചിൽ സംഘർഷാവസ്ഥ. സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപത്തെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുമ്പിൽ നിന്നും നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പ്രതിരോധിക്കുന്നതിനായി ആശുപത്രിയുടെ പ്രധാന കവാടം അടച്ച് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. 

പ്രകടനത്തിന്റെ മുൻനിരയിൽ എത്തിയ പ്രവർത്തകർ ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചു.  ആശുപത്രിയിലേക്കുള്ള ഏക കവാടം പോലീസ് കെട്ടിയടച്ചതോടെ കാലിന് പരിക്കേറ്റ രോഗി അടക്കമുള്ളവർ കവാടത്തിന് പുറത്തെത്തി. ഇതോടെ കവാടം കൊട്ടിയടച്ച പോലീസിനെ നേരെയായി പ്രവർത്തകരുടെയും നേതാക്കളുടെയും ആക്രോശം. പ്രകടനവും ധർണയും സമാധാന പൂർണമാവും എന്ന് ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചതാണെന്നും പോലീസ് മനപ്പൂർവ്വം കവാടം അടക്കുകയായിരുന്നു എന്നുമായി നേതാക്കളുടെ വാദം. 

ഇതോടെ കവാടം തുറക്കുവാൻ നേതാക്കൾ അടക്കം ആവശ്യപ്പെട്ടു. പോലീസ് തയ്യാറാകാതെ ഇരുന്നതിന് തുടർന്ന് ബാരിക്കേഡ് അടക്കം തകർക്കാൻ ഒരുങ്ങി. ഇതോടെ ഡിവൈഎസ്പി സി കെ വിദ്യാധരൻ കവാടം തുറന്നു നൽകുവാൻ നിർദ്ദേശിക്കുകയായിരുന്നു, തുടർന്ന് നടന്ന ധർണ്ണ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു.