കോട്ടയം: കനത്തമഴയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ പഴകിയ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ ഡോ. ടി കെ ജയകുമാറിനെതിരെ നടക്കുന്ന പ്രചരണം മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്നു. ആതുരസേവന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള കേരളം കണ്ട മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കൂടിയായ ടികെ ജയകുമാര്‍.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗത്തില്‍ പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമാണ് ഡോ. ടി. കെ. ജയകുമാര്‍. കാര്‍ഡിയോവാസ്‌കുലാര്‍ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവവും ഗവേഷണ സംഭാവനകളും അദ്ദേഹത്തെ കേരളത്തിലെ മുന്‍നിര ഡോക്ടര്‍മാരില്‍ ഒരാളാക്കി മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തിന്റെ സേവനത്തിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും രോഗികളെത്താറുണ്ട്. 14 വര്‍ഷം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയരോഗവിഭാഗം മേധാവിയാകുന്നത്.
ഡോ. ടി. കെ. ജയകുമാര്‍ കാര്‍ഡിയോവാസ്‌കുലാര്‍ മേഖലയില്‍ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ ലോകത്തിനായി സംഭാവന ചെയ്ത വ്യക്തിയാണ്. ഹൃദയ ശസ്ത്രക്രിയ, ഹൃദയ മാറ്റിവയ്ക്കല്‍, വാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവയില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവാകുന്ന ശസ്ത്രക്രിയകളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി നടത്തുന്നത്.
ദിവസം 45 മിനുട്ടുമാത്രമാണ് ഈ ഡോക്ടര്‍ വീട്ടില്‍ ചെലവിടുന്നത്. ബാക്കി സമയം മുഴുവന്‍ ശസ്ത്രക്രിയാ മുറിയിലോ രോഗികള്‍ക്ക് നടുവിലോ കാണാം. ദിവസം പതിനഞ്ചിലധികം മേജര്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നു. പുലരാറാവുമ്പോഴും ചില ദിവസങ്ങളില്‍ ശസ്ത്രക്രിയാമുറിയിലായിരിക്കും. കൊറോണക്കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ കോവിഡ് രോഗികള്‍ക്കായി സമയം മുഴുവന്‍ നീക്കിവെച്ചു. ഏറ്റവും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി.
ഹൃദയ ശസ്ത്രക്രിയകളിലും മാറ്റിവയ്ക്കലിലും നൂതന സമീപനങ്ങള്‍ അവലംബിച്ചയാളാണ് ഡോ. ജയകുമാര്‍. രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനോടൊപ്പം, സമൂഹത്തിന്റെ ആരോഗ്യ ബോധവത്കരണത്തിനും അദ്ദേഹം സംഭാവന ചെയ്യുന്നു.
ഡോ. ടി. കെ. ജയകുമാര്‍ കേരളത്തിന്റെ മെഡിക്കല്‍ രംഗത്ത് ഒരു പ്രകാശഗോപുരമാണ്. അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍, ചികിത്സാ രീതികള്‍, നേതൃത്വം എന്നിവ ആയിരക്കണക്കിന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് അവിസ്മരണീയമാണ്.
വര്‍ഷത്തില്‍ രണ്ടായിരത്തിലധികം പേരാണ് ചികിത്സതേടി എത്തുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ഒരു വിപ്ലവത്തിന് തുടക്കമിട്ട വ്യക്തിയാണ് ഡോ. ജയകുമാര്‍. സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടറെന്ന പുരസ്‌കാരം 2017-ല്‍ ഡോക്ടറെ തേടിയെത്തി.
കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാന്‍ സന്നദ്ധനായതോടെയാണ് ഒരുവിഭാഗം ആളുകള്‍ അതുല്യപ്രതിഭയായ ഡോക്ടറെ അവഹേളിക്കുന്ന രീതിയില്‍ രംഗത്തെത്തിയത്. ഡോ. ജയകുമാറിനെ പോലെ ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നത് ആതുര സേവന രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ആദരിച്ചില്ലെങ്കിലും അനാദരവ് കാട്ടാതിരിക്കുകയെന്നത് ഓരോ മലയാളിയുടേയും ഉത്തരവാദിത്തമാണെന്നതില്‍ സംശയമില്ല.